കോഴിക്കോട്: പുതിയപാലത്തെ പാലം നവീകരിച്ച് വലുതാക്കുകയെന്ന വർഷങ്ങൾ നീണ്ട ആവശ്യം യാഥാർഥ്യമാവാൻ ഇനിയും കാലതാമസമുണ്ടായേക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ കിഫ്ബി കരാർ വെക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ കാലതാമസമാണ് പ്രശ്നമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രേഖകളുടെ പരിശോധന നടന്നുവരുകയാണ്.
കരാർ ഏറ്റെടുത്തത് പി.എം.ആർ കമ്പനിയാണ്. നേരത്തേ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് (യു.എൽ.സി.സി.എസ്) കരാർ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എൽ.സി.സി.എസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചതായും മൂന്ന് മാസങ്ങൾക്കകം നിർമാണം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫിസിൽനിന്ന് അറിയിച്ചു. അപ്രോച്ച് റോഡിനായി മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് വന്നതിനെ തുടർന്ന് കെട്ടിടം പൊളി നടക്കുകയാണിപ്പോൾ. പി.എം.ആർ കമ്പനിക്കുതന്നെയാണ് നിർമാണക്കരാർ നൽകുക. ജൂലൈയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കരാറും എഗ്രിമെന്റും വർക്ക് ഓർഡറും ആകുന്നതിന്റെ മുമ്പുതന്നെ പ്രവൃത്തി ഉദ്ഘാടനം നടത്തുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ട് ഡയറക്ടർ ഓഫിസിൽനിന്നാണ് കരാർ നൽകാനുള്ള രേഖകളും മറ്റും പരിശോധിക്കുന്നത്. പി.എം.ആർ കമ്പനിക്ക് ഇതുവരെ അറിയിപ്പുകളൊന്നും കിട്ടിയിട്ടുമില്ല. സ്ഥലം ഏറ്റെടുക്കുക, പാലം പണിയുക തുടങ്ങിയവക്കെല്ലാം കൂടി മൊത്തം 40.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 40 വർഷത്തിലേറെ പഴക്കമുള്ള ഇടുങ്ങിയ പാലം രണ്ട് ഇരുചക്രവാഹനങ്ങൾക്ക് എതിരെ കടന്നുപോവാനാവാത്ത അവസ്ഥയിലാണ്.
ആർച്ച് മാതൃകയിൽ 125 മീറ്റർ നീളവും 11.05 മീറ്ററിലേറെ വീതിയിലും പാലം പണിയാനാണ് ലക്ഷ്യമിടുന്നത്. 2021ലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.