മാവൂർ: ചാലിയാർ കവിഞ്ഞതോടെ മാവൂരിൽ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. നിരവധി കുടുംബങ്ങൾ വീട് ഒഴിയാൻ തയാറെടുക്കുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെ കച്ചേരികുന്നിൽ ആറു കുടുംബങ്ങൾ വീട് ഒഴിഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ തെങ്ങിലക്കടവിലും കുടുംബങ്ങൾ വീട് ഒഴിഞ്ഞു.
ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് മാറിയത്. കച്ചേരികുന്നിന് പുറമെ കുറ്റിക്കടവ്, കുനിയൻകടവ്, ആയംകുളം, തെങ്ങിലക്കടവ്, പള്ളിയോൾ, മാവൂർ പാടം പരിസരം, കൽപള്ളി, കണ്ണിപറമ്പ് ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി. വെള്ളിയാഴ്ച വൈകീട്ടും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഇതുമൂലം നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മാവൂർ പൈപ് ലൈൻ, ചെറൂപ്പ -കുറ്റിക്കടവ്, കൽപള്ളി -ആയംകുളം, തെങ്ങിലക്കടവ് -ആയംകുളം, തെങ്ങിലക്കടവ് -കണ്ണിപ്പറമ്പ്, കുറ്റിക്കടവ് -കണ്ണിപറമ്പ്, പുലപ്പാടി -കമ്പളത്ത് റോഡുകൾ വെള്ളത്തിനടിയിലാണ്. ഈ റോഡുകളിലൂടെയുള്ള ഗതാഗതം നിലച്ചു. കൂളിമാട് പുൽപറമ്പ് റോഡിൽ വെള്ളം കയറി.
ശക്തമായ കാറ്റിൽ ആയംകുളം ഉണിക്കുമരം ഭാഗത്ത് തേക്ക് വീണ് വൈദ്യുതി തൂണുകളും ലൈനും തകർന്നു. ഉണിക്കുമരം വീട്ടിൽ ചന്ദ്രൻ നായരുടെ വീടിന്റെ മേൽക്കൂരക്ക് കേടുപാടു പറ്റി.
കൽപള്ളി കടവിനുസമീപം മിർഷാദിന്റെ വീടിനുമുകളിൽ തേക്കു വീണു. വെള്ളപ്പൊക്കത്തെ തുടർന്ന് മാവൂരിലും പരിസരങ്ങളിലുമുള്ള വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.