വടകര: നീന്തൽ കുളത്തിലെ താരമായി നാലു വയസ്സുകാരൻ. അഴിയൂർ കോറോത്ത് റോഡിൽ ക്ഷേത്രത്തിന് സമീപം ഗുരുക്കൾ പറമ്പത്ത് രമിഷയുടെ മകൻ അലോക് കൃഷ്ണയാണ് നീന്തൽ കുളത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നത്.വെള്ളത്തിൽ ഏറെനേരം മുങ്ങി നിൽക്കാനുള്ള കഴിവിനോടൊപ്പം നീന്തലിലെ വിവിധ രീതികൾ പുറത്തെടുത്ത് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
രണ്ടര വയസ്സിൽ കണ്ണൂർ വിസ്മയ പാർക് സന്ദർശനത്തിനിടെ വെള്ളത്തിലിറങ്ങിയ കുട്ടി ഏറെ നേരം കളിച്ച് രസിക്കുന്നത് കണ്ട വല്യമ്മ രത്നം ആണ് കുട്ടിയെ ചെറുപ്രായത്തിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ തീരുമാനിച്ചത്.വീട്ടുമുറ്റത്ത് ടാർ പോളിൻ കെട്ടി ഉണ്ടാക്കിയ കുളത്തിലായിരുന്നു പരിശീലനം. അഞ്ച് ദിവസം കൊണ്ട് നീന്തൽ നല്ല മെയ് വഴക്കത്തോടെ ഈ മിടുക്കൻ വശത്താക്കി. 40 സെക്കൻഡ് സമയം വെള്ളത്തിനടിയിലൂടെ ഊളിയിട്ട് നീന്തും.
കോവിഡ് കാലമായതിനാൽ പുറത്ത് കുളക്കടവുകളിൽ പോകാൻ കഴിയാത്തതിനാൽ രമിഷയുടെ സഹോദരൻ രമിത്ത് വീടിനോട് ചേർന്ന് നിർമിച്ച ചെറിയ കുളത്തിലാണ് അലോക് നീന്തിത്തുടിക്കുന്നത്. ചെണ്ടയും,തബലയും ഒരു കൈ നോക്കാനും അലോക് കൃഷ്ണക്ക് അറിയാം. കോവിഡിൽ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടില്ലെങ്കിലും മാഹി പാറക്കൽ ഗവ.എൽ.പി സ്കൂൾ എൽ.കെ.ജി. വിദ്യാർഥിയാണ്. അഴിയൂർ ഗ്രാമ പഞ്ചായത്ത് കുട്ടിക്ക് പ്രോത്സാഹനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അലോക് കൃഷ്ണക്ക് ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിഷ ആനന്ദസദനം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.