കോഴിക്കോട്: ജൂൺ അഞ്ചോടെ കോഴിക്കോട് സമ്പൂർണ മാലിന്യം വലിച്ചെറിയൽ വിമുക്ത നഗരമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാൻ പോകുന്ന സമ്പൂർണ മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായാണ് കോഴിക്കോട് കോർപറേഷൻ പദ്ധതി തയാറാക്കുന്നത്.
വീടുകളിൽനിന്ന് ഹരിത കർമസേന മാലിന്യം ശേഖരിക്കുന്ന പദ്ധതിയിൽ 30,000 വീട്ടുകാർ ഇനിയും ചേർന്നിട്ടില്ല. ഈ വീട്ടുകാരെ ജൂൺ അഞ്ചിനകം പദ്ധതിയുടെ ഭാഗമാക്കും. വാതിൽപടി മാലിന്യശേഖരണം 100 ശതമാനം നടപ്പാക്കും. എല്ലാ വാർഡുകളിലും ക്ലസ്റ്ററുകൾ വിളിച്ചുചേർത്ത് ജൈവമാലിന്യം 100 ശതമാനം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക എന്ന ആശയം യാഥാർഥ്യമാക്കും.
ഇതിന് മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് 75 കോർപറേഷൻ വാർഡ് കൗൺസിലർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഭ്യർഥിച്ചു. അടുത്ത മാസത്തോടെ 75 വാർഡുകളിലും ഹരിതകർമസേനക്ക് സ്വന്തം വാഹനം ലഭിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു.
എല്ലാ വാർഡുകളിലും പ്രാഥമിക മാലിന്യസംഭരണ കേന്ദ്രം ആരംഭിക്കണം. ജൂൺ അഞ്ചിനുമുമ്പ് വാർഡ്തലത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.