കോഴിക്കോട്: ഗുണ്ട, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ല പൊലീസ് മേധാവിമാർക്ക് ഉത്തരമേഖല ഐ.ജി നീരജ് കുമാർ ഗുപ്തയാണ് നിർദേശം നൽകിയത്.
നേരത്തേ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളും ഐ.ജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ക്രിമിനൽ നിയമനടപടി വകുപ്പ് 107 പ്രകാരം ഉത്തരമേഖലയിൽ 1993 നിർദേശങ്ങൾ (തൃശൂർ സിറ്റി -205, തൃശൂർ റൂറൽ -130, പാലക്കാട് -224, മലപ്പുറം -379, കോഴിക്കോട് സിറ്റി -121, കോഴിക്കോട് റൂറൽ -309, വയനാട് -ഒമ്പത്, കണ്ണൂർ സിറ്റി -252, കണ്ണൂർ റൂറൽ -61, കാസർകോട് -171) സമർപ്പിച്ചിരുന്നു. ഇതിൽ 457 പേർക്കെതിരെ ബോണ്ട് പുറപ്പെടുവിച്ചതാണ്.
ബോണ്ട് വ്യവസ്ഥ ലംഘിച്ച 21 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും 11 പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിരന്തരമുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഉത്തരമേഖലയിലെ ജില്ലകളിൽ ഗുണ്ട, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.