പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മാലിന്യംതള്ളല്‍ പതിവാകുന്നു. പൂനൂർ അങ്ങാടിക്കടുത്ത് പഞ്ചായത്ത് വക ഉപയോഗശൂന്യമായ കിണറിനടുത്തും ആറാം വാർഡിൽ ഞേറപ്പൊയിൽ പള്ളിക്കടുത്ത് ജങ്ഷനിലുമാണ് മാലിന്യം തള്ളുന്നത്.
പ്ലാസ്റ്റിക്, ഖരമാലിന്യമുൾപ്പെടെ ചാക്കിൽകെട്ടി പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണ്. ഞേറപ്പൊയിൽ ഭാഗത്തും ചെറുതും വലുതുമായ നൂറുകണക്കിന് ചാക്കുകെട്ടുകളാണ് ഇങ്ങനെ റോഡരികിൽ കുമിഞ്ഞുകൂടുന്നത്. ഇതിൽ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് ഹരിതസേന വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഞേറപ്പൊയിൽ ഭാഗത്ത് കൂട്ടിയിട്ടിരുന്നു. അതേ സ്ഥലത്താണ് ഇപ്പോൾ ആളുകൾ മാലിന്യം തള്ളുന്നത്. പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയുള്ള മാലിന്യനിക്ഷേപത്തിനെതിരെ ഡി.വൈ.എഫ്.ഐ പൂനൂർ മേഖല കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
പഞ്ചായത്തിൽ രേഖാമൂലം പരാതിപ്പെട്ടെങ്കിലും ഒരുവിധ നടപടിയും ഉണ്ടായില്ലെന്ന് നേതാക്കൾ അറിയിച്ചു. പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.