കോഴിക്കോട്: ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും നിലവിലുള്ള മാലിന്യ പരിപാലന സംവിധാനം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മാലിന്യമുക്തം നവകേരളം കാമ്പയിൻ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധന ആരംഭിച്ചു.
താമരശ്ശേരി, വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. നിഷ, കെ.പി. റീന, പി.പി. പ്രേമ, എൻ.എം. വിമല, ഇ. ശശീന്ദ്രൻ, സുധ കമ്പളത്ത്, ധനീഷ് ലാൽ, മാലിന്യമുക്തം നവകേരളം ജില്ല കോഓഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ പി. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്ലാൻ കോഓഡിനേറ്റർ ഇ.എ. അബു താഹിർ, പി.പി. ജിജി, കെ. സീനത്ത്, എൽ.എസ്.ജി.ഡി എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
സന്ദർശനത്തെ തുടർന്ന് സ്കൂളുകളിൽ ജൈവമാലിന്യ സംസ്കരണത്തിനുള്ള എയറോബിക് കമ്പോസ്റ്റ് സംവിധാനം, അജൈവ മാലിന്യ ശേഖരണ ബിന്നുകൾ തുടങ്ങിയവ നൽകുന്നതിന് ജില്ല പഞ്ചായത്ത് ഒരു കോടി രൂപ പദ്ധതിയായി വകയിരുത്തിയിട്ടുണ്ട്.
ഒക്ടോബർ ആദ്യവാരത്തിലെ ശുചീകരണത്തിനു ശേഷവും മാലിന്യങ്ങൾ അലക്ഷ്യമായി സ്കൂൾ കോമ്പൗണ്ടിൽ നിക്ഷേപിക്കുകയോ ടോയ്ലറ്റുകൾ വൃത്തിഹീനമായി കിടക്കുന്നതോ പരിശോധന സമയത്തു കണ്ടാൽ സ്കൂൾ മേലധികാരികൾക്ക് നിയമാനുസൃതമായ പിഴയും ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.
ജില്ലയിലെ 1218 വിദ്യാലയങ്ങളും ഹരിത ശുചിത്വ വിദ്യാലയമാക്കാൻ ടീച്ചർ കോഓഡിനേറ്റർ, ഒരു ആൺ പെൺ അംബാസഡർമാർ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ പാഠശാല നടത്തി പത്ത് ഇനം നക്ഷത്രപദവി നൽകുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.