കോഴിക്കോട്: മത്സ്യത്തൊഴിലാളികളായിരുന്ന വയോജനങ്ങൾക്ക് സൊറ പറയാനും ഒരുമിച്ചിരിക്കാനുമുള്ള വിശ്രമകേന്ദ്രം കോയ റോഡ് ബീച്ചിൽ തുറന്നു. നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായുള്ള വയോജന വിശ്രമകേന്ദ്രം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എയാണ് നാടിന് സമർപ്പിച്ചത്. വയോജനങ്ങൾക്ക് ഇരിക്കാനും വർത്തമാനം പറയാനുമുള്ള ഇടം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. 'സീനിയർ സിറ്റിസൺസ് ഫോറങ്ങളിലും കൂട്ടായ്മകളിലും സാധാരണയായി മത്സ്യത്തൊഴിലാളിയായിരുന്ന മുതിർന്ന പൗരന് അംഗത്വം കൊടുക്കാറില്ല. പാവപ്പെട്ടവരും ജീവിത സായാഹ്നത്തിൽ വിശ്രമവും വിനോദവും അർഹിക്കുന്നവരുമാണ് എന്ന ചിന്തയിൽനിന്നാണ് കോലായിക്ക് രൂപം നൽകാനിടയാക്കിയത്. നോർത്തിലെ എം.എൽ.എയായിരുന്ന എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഒരിടം കടലോരത്ത് ഒരുക്കിയത്. 2019 -20ലെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കോലായി യാഥാർഥ്യമാക്കിയത്.
എട്ടുലക്ഷം രൂപയാണ് നിർമാണച്ചെലവ്. സമുദ്രത്തിന്റെ കാഴ്ചയും കാറ്റും ആസ്വദിക്കാവുന്ന തരത്തിൽ മേൽക്കൂരയും മറ്റു സൗകര്യങ്ങളും ഒരുക്കാനാണ് ഭാവി പദ്ധതി. യുവ ആർക്കിടെക്റ്റായ സുഹൈലാണ് പദ്ധതിയുടെ രൂപകല്പന. ഹാർബർ എൻജിനീയറിങ് വകുപ്പാണ് നിർമാണ നിർവഹണം. നോർത്ത് മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ തുടർച്ചയാണ് കോലായിയും.
തീരപ്രദേശത്തെ പാവപ്പെട്ടവരുടെ മക്കളുടെ വിവാഹം നടത്താൻ സൗകര്യവും സൗന്ദര്യവുമുള്ള സമുദ്ര ഓഡിറ്റോറിയം, ശാന്തിനഗർ കോളനിയിലെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ ആംഫി തിയറ്ററും ലൈബ്രറിയും, പുതിയാപ്പയിലെ മറൈൻ സ്റ്റേഡിയം, വെള്ളയിൽ ഫിഷിങ് ഹാർബർ, പുതിയകടവിലെ മത്സ്യത്തൊഴിലാളികൾക്ക് വല അറ്റകുറ്റപ്പണി ചെയ്യാനുള്ള പ്ലാറ്റ്ഫോം, തീരപ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജി.വി.എച്.എസ്.എസ് നടക്കാവ്, വെള്ളയിൽ വെസ്റ്റ് ജി.യു.പി, വെള്ളയിൽ ഈസ്റ്റ് ജി.എൽ.പി, വെള്ളയിൽ ഗവ. ഫിഷറീസ് എന്നീ സ്കൂളുകളുടെ വികസനം തുടങ്ങിയവയുടെ തുടർച്ചയാണിത്.
ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, കോർപറേഷൻ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ, പുതിയങ്ങാടി വാർഡ് കൗൺസിലർ പി. പ്രസീന, ഹാർബർ അസിസ്റ്റന്റ് എൻജിനീയർ ഷാജു, മുൻ കൗൺസിലർമാരായ ആശ ശശാങ്കൻ, കെ.കെ റഫീഖ്, സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. രഞ്ജിത്ത് ലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹീന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.വി. ഷൗലിക്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.കെ. ഗണേശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.