കോഴിക്കോട്: പെൺകുട്ടികളുടെ യാത്രാദുരിതത്തെക്കുറിച്ച് കമീഷൻ സിറ്റിങ്ങിൽ ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. തനിയെ യാത്രചെയ്യേണ്ടിവരുന്ന പെൺകുട്ടികൾക്കുനേരെ പലതരത്തിലുള്ള അതിക്രമങ്ങളാണ് നടക്കുന്നത്.
നഗ്നതാപ്രദർശനം ഇവർ നേരിടുന്ന വലിയ പ്രശ്നമാണ്. കഴിഞ്ഞ ദിവസം ബസിലുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട കുട്ടിയുടെ നേരെ മോശമായി വസ്ത്രധാരണം ചെയ്തു എന്ന പേരിലായിരുന്നു പിന്നീട് സമൂഹമാധ്യമ ആക്രമണം.
എന്തു വേഷം ധരിക്കണമെന്ന് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. അതിന്റെ പേരിൽ ചർച്ച വഴിമാറിപ്പോകുന്നതും യഥാർഥ വസ്തുത മറച്ചുവെക്കുന്നതും നീതീകരിക്കാനാകാത്തതാണ്. പരാതിപ്പെടുന്ന പെൺകുട്ടികൾ അലോസരമുണ്ടാക്കുന്നവരാണെന്ന സഹയാത്രികരുടെ ചിന്താഗതി കുറ്റവാളികളെ സംരക്ഷിക്കുന്നതിന് തുല്യമാണ്.
പെൺകുട്ടികൾക്ക് അന്തസ്സോടെ യാത്രചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും അവർ പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാലയങ്ങളിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തമാക്കണം.
കമ്മിറ്റി ഇനിയും ആരംഭിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഓഫിസുകളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടന്ന് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. സ്കൂളുകളിലെ അധ്യാപകർക്കെതിരെ അധ്യാപികമാരുടെ പരാതികൾ നിരന്തരം കമീഷനു മുന്നിൽ എത്തുന്നുണ്ട്. ഇത്തവണ അധ്യാപകർക്കെതിരെ പരാതിയുമായി പ്രധാനാധ്യാപികയാണ് സമീപിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ഭരണസമിതി മുൻകൈയെടുത്ത് സ്ഥിരമായ കൗൺസലിങ് സംവിധാനം ഒരുക്കണം. റസിഡൻറ്സ് ഏരിയകൾ ഉൾപ്പെടെ ഇടങ്ങളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രവണത വർധിച്ചു വരുകയാണ്.
ഇത്തരം ഇടങ്ങളിൽ പൊലീസ് ഇടപെടൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സിറ്റിങ്ങിൽ ആകെ 68 പരാതികൾ പരിഗണിച്ചു. 11 പരാതികൾ തീർപ്പാക്കി. ഒരു പരാതി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോർട്ടിനായി അയച്ചു.
ഒരു കേസ് ജാഗ്രത സമിതിക്ക് കൈമാറി. 49 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി. വനിത കമീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, പി. കുഞ്ഞയിഷ, കൗൺസിലർമാർ, വനിത സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.