പെരുമണ്ണ: നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്ക് അടയാളപ്പെടുത്തിയ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകളോട് കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുമായി കാത്തിരിക്കാൻ റവന്യൂ അധികൃതരുടെ നിർദേശം. നഷ്ടപ്പെടുന്ന ഭൂമിയുടെ മുഴുവൻ പ്രമാണങ്ങളുടെയും പകർപ്പുകളുമായി വ്യാഴാഴ്ച രാവിലെ 10ന് കാത്തിരിക്കാനാണ് റവന്യൂ അധികൃതർ ഉടമകൾക്ക് സന്ദേശമയച്ചത്.
കോഴിക്കോട് ജില്ല അതിർത്തിയായ പുറ്റേക്കടവ് നെല്ലിത്തോടി ക്ഷേത്രം മുതലുളള (റിസർവേ നമ്പർ 251/1,2 252/1,2,3 253/1,2A 254/1) സ്ഥല ഉടമകളെയാണ് റവന്യൂ ഉദ്യോഗസ്ഥർ കാണുന്നത്. എന്നാൽ, നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ റവന്യൂ വിഭാഗവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ജില്ലതല ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ആക്ഷൻ കമ്മിറ്റി രേഖാമൂലവും അല്ലാതെയും പലതവണ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കക്ക് പരിഹാരവും വ്യക്തതയും നൽകണമെന്ന് അഭ്യർഥിച്ചിട്ടും അധികൃതർ തയാറാവുന്നില്ലെന്നാണ് ആരോപണം. വികസനത്തിന് എതിരല്ലെന്നും ഭൂമി വിട്ടുനൽകുന്നവരുടെ നഷ്ടപരിഹാര സംഖ്യയെ സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകണമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ടി. മൂസ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.