കോഴിക്കോട്: കഴിഞ്ഞ മാർച്ചിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി പി.പി. അഫ്സീനയെയാണ് (29) ടൗൺ പൊലീസ് അസി. കമീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ ജോലിചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ സഹായിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി കൊടുക്കുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെയും ഭീഷണിപ്പെടുത്തി. എന്നാൽ, അവർ വഴങ്ങാത്തതിനാൽ അഫ്സീനയും ഷമീറും പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണസംഘം നേരത്തേ കുടകിലെ റിസോർട്ടിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായംചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലും അറസ്റ്റിലായിരുന്നു.
സബ് ഇൻസ്പെക്ടർ സാബുനാഥ്, അസി. സബ് ഇൻസ്പെക്ടർമാരായ കെ.കെ. ബിജുമോഹൻ, കെ.പി. ദീപ്തിഷ്, അസി. കമീഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.