കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലന് നിപ സ്ഥിരീകരിച്ച വിവരമെത്തിയതോടെ ആരോഗ്യവകുപ്പിലെയടക്കം ഉദ്യോഗസ്ഥ സംഘത്തിന് ഉറക്കമില്ലാത്ത രാത്രി. ശനിയാഴ്ച രാത്രിയോടെയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരോഗ്യവകുപ്പിന് നിപ പോസിറ്റിവ് വിവരം ലഭിക്കുന്നത്. നിപ പ്രതിരോധത്തിൽ മുൻപരിചയമുള്ള ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ രാത്രിതന്നെ സംവിധാനങ്ങൾ സജ്ജമായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജും വകുപ്പിലെ പ്രമുഖരുമടക്കം സൂം മീറ്റിങ് ചേർന്ന് സ്ഥിതി വിലയിരുത്തി. മെഡിക്കൽ കോളജിലെ ഉന്നതരും എൻ.എച്ച്.എം പ്രോഗ്രാം ഓഫിസർ ഡോ. നവീനും അഡീഷനൽ ഡി.എം.ഒമാരും ചേർന്ന് രാത്രിതന്നെ ആക്ഷൻ പ്ലാനും കമ്മിറ്റിയുമുണ്ടാക്കി.
16 വിവിധ കമ്മിറ്റികളാണ് രൂപവത്കരിച്ചത്. ചാത്തമംഗലം ചൂലൂർ ആരോഗ്യേകന്ദ്രത്തിെൻറ പരിധിയിലാണ് നിപ ബാധിതെൻറ വീട്. ശനിയാഴ്ച രാത്രിതന്നെ മെഡിക്കൽ ഓഫിസർ പ്രദേശത്തെ സമ്പർക്കമുള്ളവരുടെ വിവരങ്ങൾ തേടി. പ്രദേശത്ത് കഴിഞ്ഞ മൂന്നാഴ്ചക്കിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാനും വിശദമായി പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി തിരുവനന്തപുരത്തിരുന്ന് യോഗം വിളിച്ചുചേർത്ത ആരോഗ്യമന്ത്രി വീണ ജോർജ് ഞായറാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട്ടെത്തി. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു. കൺട്രോൾ റൂം പ്രവർത്തിക്കുന്ന ഗവ. ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രി ഉന്നതതല യോഗത്തിലും പെങ്കടുത്തു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയും സന്ദർശിച്ചു. ചികിത്സക്കായി ഗവ. മെഡിക്കൽ കോളജിൽ ഒരുക്കിയത് വിപുലമായ സംവിധാനങ്ങളാണ്. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനെ നേരത്തേ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനാൽ ജീവനക്കാരെയടക്കം ആദ്യം സമ്പർക്കപ്പട്ടികയിലുൾപ്പെടുത്തി. നിലവിലെ പേ വാർഡ് നിപ വാർഡാക്കാനും തീരുമാനിച്ചു. ഇവിടെയുള്ള 38 രോഗികളെ മറ്റൊരിടത്തേക്കു മാറ്റി. ഇനി ആരെങ്കിലും പോസിറ്റിവായാൽ പേ വാർഡിെൻറ താഴെ നിലയിൽ ചികിത്സിക്കും. ലക്ഷണമുള്ളവരെ ഒന്നും രണ്ടും നിലകളിൽ പ്രവേശിപ്പിക്കും. ഐ.സി.യു സംവിധാനവും പരിശോധനയും ഇതിനു സമീപം സജ്ജമാക്കും. ഡോ. ജയേഷും ഡോ. ചാന്ദ്നിയും ചികിത്സക്കു നേതൃത്വം നൽകും.
സ്വകാര്യ ആശുപത്രികളുമായി മന്ത്രിയുടെ ചര്‍ച്ച: പ്രത്യേക നിരീക്ഷണത്തിന് നിർദേശം
കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്.
നിപയുമായി ബന്ധപ്പെട്ട ഒരു ലക്ഷണവും തള്ളിക്കളയരുത്. മെഡിക്കൽ കോളജിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് ഐ.സി.യു കിടക്കകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളജിലെത്തും. മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.പി.ഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്കാന് ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കലക്ടര്‍ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷല്‍ ഓഫിസര്‍ മുഹമ്മദ് വൈ. സഫീറുല്ല, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ എന്നിവര്‍ പങ്കെടുത്തു.
നിപ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ
കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ, ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ, പ്രധാന അറിയിപ്പുകൾ തുടങ്ങിയവ സർക്കാറിൽനിന്നും ആരോഗ്യവകുപ്പിൽനിന്നും നേരിട്ട് ജി.ഒ.കെ ഡയറക്ട് മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. കോഴിക്കോട് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കുന്നത്. ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ആപ് ഡൗൺലോഡ് ചെയ്യാം. ലിങ്ക് http://Qkopy.xyz/gokdirect.
നിപയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിക്കാനുള്ള സാഹചര്യമുള്ളതിനാൽ ആധികാരിക വിവരങ്ങൾ തത്സമയം ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യൂകോപ്പി എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. 2018ൽ നിപ വന്നപ്പോഴും ഇതേ രീതിയിൽ കോഴിക്കോട് ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ക്യൂകോപ്പിയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ഇപ്പോൾ GoK Direct ആപ്പിലൂടെ സർക്കാർ ലഭ്യമാക്കുന്നുണ്ട്.
നിപ: ഇന്ന് പരിശോധന
കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരെ തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പോയൻറ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയൻറ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ കണ്ഫര്മേറ്റിവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭ്യമാക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന് എം.പി, പി.ടി.എ റഹീം എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി, ഡി.സി.പി സ്വപ്നില്‍ എം. മഹാജന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. കെ.ആര്. വിദ്യ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ ഓണ്‍ലൈനായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.