മഴ: ജില്ലയിൽ 50 ലക്ഷം രൂപയുടെ നാശനഷ്​ടം

കോഴിക്കോട്​: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് നാലു താലൂക്കുകളിലായി 50 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്​ടം. 37 ക്യാമ്പുകളിലായി 699 പേരെ മാറ്റിപ്പാർപ്പിച്ചു. ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുള്ള ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റിവ് ആയവരെ ട്രീൻറ്​മെൻറ്​ സെൻററിലേക്കാണ് മാറ്റിയത്.

കോഴിക്കോട് താലൂക്കില്‍ 11 വില്ലേജുകളിലായി 20 ക്യാമ്പുകളിൽ 220 പേരുണ്ട്​. കൊയിലാണ്ടി താലൂക്കിൽ നിലവില്‍ നാലു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 86 പേരാണ് നാലു ക്യാമ്പുകളിലായി ഉള്ളത്. വടകര താലൂക്കിൽ 10 ക്യാമ്പുകളാണ് ഉള്ളത്. ആകെ 71 കുടുംബങ്ങളിൽനിന്നായി 244 പേർ ക്യാമ്പുകളിലുണ്ട്. ബന്ധുവീടുകളിൽ 1670 കുടുംബങ്ങളിൽ നിന്നായി 6513 പേരാണ് ഉള്ളത്. താമരശ്ശേരി താലൂക്കില്‍ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ മൂന്ന് ക്യാമ്പുകളിലായി 53 കുടുംബങ്ങളിലെ 149 പേരാണുള്ളത്. പുതിയ ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല. കനത്ത മഴയിലും കാറ്റിലും ഞായറാഴ്ച താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടിന് മുകളില്‍ കവുങ്ങ് വീണ്​ ഒരാള്‍ക്ക് പരിക്കേറ്റു. കോടഞ്ചേരി മരുതിലാവ്, വടക്കേത്തറ കുഞ്ഞുമുഹമ്മദ്, നെല്ലിപ്പൊയില്‍ പാറക്കല്‍ മുഹമ്മദ്, ഉണ്ണികുളം ചോയിമഠം മൊയ്തീന്‍കുട്ടി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പാറക്കല്‍ മുഹമ്മദിനാണ് കവുങ്ങ് വീടിന് മുകളിലേക്ക് വീണ് പരിക്കേറ്റത്.

അപകടസാധ്യത കണക്കിലെടുത്ത് കിഴക്കോത്ത് പാലോറമലയിലെ നാലു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ശനിയാഴ്ച ആറു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കനത്ത മഴ ആരംഭിച്ച വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ താലൂക്കില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 12.5 ലക്ഷത്തി​െൻറ നഷ്​ടം കണക്കാക്കുന്നു. ജില്ലയിലെ താലൂക്കുകളിലെ കൺട്രോൾ റൂം നമ്പറുകൾ- 1077(കലക്ടറേറ്റ്), 0496 2522361(വടകര), 0495-2372966 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588, 0495 2223088(താമരശ്ശേരി). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.