കോഴിക്കോട്: നാട്ടുകാർ ഉണ്ടാക്കിത്തന്ന വീടാണ് സാറെ. ഇവിടെ നിന്ന് കുടിയൊഴിപ്പിക്കരുത്. ഇനിയാരുടെ മുന്നിലും കൈ നീട്ടാനാവില്ല. കൈ നീട്ടിയാൽ തരാൻ ആരുടെയും കൈയിൽ കാശില്ലാത്ത കാലമാണ്. ഞങ്ങളെ ഉപദ്രവിക്കരുത്- കെ- റെയിൽ സർവേക്കുവേണ്ടി അപ്രതീക്ഷിതമായി വീട്ടുപറമ്പിൽ കയറിയ ഉദ്യോഗസ്ഥരുടെയും പൊലീസിെൻറയും മുന്നിൽ മാത്തോട്ടത്തെ വലിയകാട് പറമ്പിലെ രണ്ടു സെൻറിൽ താമസിക്കുന്ന നസ്റിയയുടെ വിലാപം.
ഇതു തന്നെയാണ് തൊട്ടടുത്ത് താമസിക്കുന്ന മുബീനയും പറഞ്ഞ് രോഷം കൊള്ളുന്നത്. ഇവരുടെ ഭൂമിയിൽ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് സർവേ സംഘം എത്തിയപ്പോൾ പ്ലസ് ടുവിന് പഠിക്കുന്ന മകൾ മാത്രമായിരുന്നുവത്രെ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ പറമ്പിലെ മുരിങ്ങമരം മുറിച്ച് അവിടെ സർവേ കല്ല് സ്ഥാപിച്ച് മകളെകൊണ്ട് ഒപ്പിടീച്ചുവെന്നാണ് മുബീനയുടെ പരാതി. മുബീന താമസിക്കുന്നതും രണ്ടു സെന്റിലാണ്.
സ്വന്തം വീട്ടുമുറ്റത്തു തന്നെ തടഞ്ഞുവെച്ച് സർവേ കല്ല് സ്ഥാപിച്ച് പൊലീസ് കാവൽ നിന്നപ്പോൾ വിലപിക്കുകയായിരുന്നു ഷഫീഖ് മൻസിലിൽ അബ്ദുൽ റസാഖ്. പൊലീസ് പോയാൽ താൻ കുറ്റി പിഴുതെടുത്ത് വലിച്ചെറിയും. മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്.
ഹൃദ്രോഗിയായ തന്നെ പൊലീസ് പലതവണ പിടിച്ചുന്തി- നിസ്സഹായമായ വിലാപമായിരുന്നു അബ്ദുൽറസാഖിന്റേത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തുകൂടി സിൽവർലൈൻ പദ്ധതി വരുന്നു എന്ന് നാട്ടുകാർ അറിഞ്ഞത് പൊലീസും ഉദ്യോഗസ്ഥരും എത്തിയതോടെയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് കെ-റെയിൽ സർവേ ബേപ്പൂർ, മാത്തോട്ടം മേഖലയിൽ ആരംഭിച്ചത്. വൻ പൊലീസ് സന്നാഹമാണ് ഇതിെൻറ ഭാഗമായി മാത്തോട്ടം മേഖലയിൽ നിലയുറപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മാത്തോട്ടം കണിയങ്കണ്ടി പറമ്പിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കടന്നുവരുകയായിരുന്നു. ഇതോടെ നാട്ടുകാരും അയൽവാസികളും ഒത്തുകൂടി. തങ്ങൾക്കുള്ള ആശങ്ക അകറ്റി മതി സർവേയെന്നും അതു വരെ നടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
എന്നാൽ, സർവേ സംബന്ധിച്ച് കോർപറേഷൻ സെക്രട്ടറിക്കടക്കം നേരത്തേ അറിയിപ്പ് നൽകിയതാണെന്നും സർവേ നിർത്തിവെക്കാനാവില്ലെന്നുമായി ഉദ്യോഗസ്ഥർ. എതിർപ്പ് ശക്തമായതോടെ തഹസിൽദാർ വരട്ടെ എന്നായി നാട്ടുകാർ. അപ്പോഴേക്കും കൂടുതൽ പൊലീസും സ്ഥലത്തെത്തി.
ഉച്ചക്ക് 12 മണിയോടെയാണ് പ്രശ്നം രൂക്ഷമായത്. പൊലീസ് കടുത്ത നടപടി സ്വീകരിച്ചതോടെ എതിർപ്പുകാർ പിന്മാറി. അതിനിടെ കെ-റെയിൽ വിരുദ്ധസമിതി ജില്ല എക്സിക്യൂട്ടിവ് അംഗം ടി.എം. ശ്രീകുമാർ, പി.കെ. ഷിജു, സുനീഷ് കീഴാടി, പ്രവീൺ ചെറുവത്ത് എന്നിവർ സ്ഥലത്തെത്തി. പ്രദേശത്തെ യു.ഡി.എഫ് പ്രവർത്തകർ ഇരകൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.