കോഴിക്കോട്: പൊതുസ്ഥലങ്ങളിലെ ഡ്രെയിനേജുകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള വിഷയമായി കോർപറേഷൻ സെക്രട്ടറിയും ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിയും നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകി. സ്ലാബുകൾ സ്ഥാപിക്കുന്നതുവരെ വേലിയോ മറ്റു സംവിധാനങ്ങളോ അറിയിപ്പ് ബോർഡുകളോ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പാലാഴി പുഴമ്പ്രത്ത് താമസിക്കുന്ന കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന തായനാരി ദാസൻ 2021 ആഗസ്റ്റ് 2ന് സ്ലാബിടാത്ത ഓവുചാലിൽ വീണ് മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ, നഷ്ടപരിഹാരം അനുവദിക്കുന്ന വിഷയം കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ കമീഷൻ വിസമ്മതിച്ചു. കോർപറേഷൻ സെക്രട്ടറിയും ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡ്രെയിനേജുകൾക്ക് യഥാസമയം കവറിങ് സ്ലാബുകൾ നിർമിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മുഴുവൻ ഡ്രെയിനേജുകൾക്കും സ്ലാബ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പാലാഴി അത്താണി പുഴമ്പുറം റോഡിൽ ടാറിങ് ജോലികൾ ജില്ല പഞ്ചായത്ത് വർഷങ്ങൾക്കു മുമ്പ് പൂർത്തിയാക്കിയതാണെന്നും ഈ സമയത്ത് കവറിങ് സ്ലാബുകൾ സ്ഥാപിച്ചിരുന്നില്ലെന്നും ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാൽനടക്കാർക്ക് സുരക്ഷയൊരുക്കാൻ റോഡിന്റെ മുഴുവൻ ഭാഗവും കൈവരി സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. 10 ലക്ഷം മുടക്കി കൈവരി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി.
മരിച്ച ദാസന്റെ ഭാര്യ ബീന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ മേലിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.