കോഴിക്കോട്: കോവിഡ് മരണക്കണക്കുകളിലെ ഒളിച്ചുകളി ജില്ലയിലും നിരവധി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ഇല്ലാതാക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ജനുവരി മുതൽ ആറുമാസത്തിൽ 1573 കോവിഡ് മരണം രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റ് സർക്കാർ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കണക്കാക്കിയാൽ ഇനിയും കൂടും.
എന്നാൽ, ആരോഗ്യ വകുപ്പിെൻറ ഔദ്യോഗിക കണക്കിൽ ഇതുവരെ ജില്ലയിൽ 1296 പേർ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആറു മാസത്തെ മെഡിക്കൽ കോളജിലെ കണക്കിനേക്കാൾ കുറവാണ് ഒന്നര വർഷത്തെ ആരോഗ്യ വകുപ്പിെൻറ കണക്കെന്ന് ചുരുക്കം. മരണ നിരക്ക് കുറച്ച് കാണിക്കുന്നതിനായി അധികൃതർ നടത്തിയ കളിയാണ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെടാതായതിന് വഴിവെച്ചത്.
ബാക്കിയുള്ള മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെടാതിരിക്കുമ്പോൾ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങളാണ് നഷ്ടമാവുക. കണക്കുകൾ കുറേക്കൂടി കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയതു തന്നെ, കോവിഡ് ബാധിച്ചു മരിച്ച രക്ഷിതാക്കളുടെ മക്കൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചതോടെയാണ്. അപ്പോഴും കണക്കുകളിൽ പൊരുത്തക്കേടുകൾ കാണുന്നുണ്ട്.
കഴിഞ്ഞ പത്ത് ദിവസം മെഡിക്കൽ കോളജിൽ മാത്രം 71 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിെൻറ ഔദ്യോഗിക കണക്കിൽ ഇത് 104 ആണ്. മെഡിക്കൽ കോളജിൽ ജൂൺ 21ന് 14 പേരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിെൻറ കണക്കിൽ 11 മാത്രമാണ്. 22ന് പത്ത് മരണം മെഡിക്കൽ കോളജിൽ രേഖപ്പെടുത്തിയപ്പോൾ ഔദ്യോഗിക കണക്കിൽ എട്ടെണ്ണം മാത്രമാണുള്ളത്.
ആരോഗ്യ വകുപ്പിൽ രേഖപ്പെടുത്തുന്ന മരണങ്ങൾ ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി നടന്നതാണ് എന്നിരിക്കെ ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് കോവിഡ് ബാധിച്ചു മരിച്ച ഇനിയും നിരവധി പേർ ആരോഗ്യ വകുപ്പിെൻറ പട്ടികയിൽ ഉൾപ്പെടാനുണ്ടെന്നതാണ്.
മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് ന്യൂമോണിയ എന്ന് കാരണം രേഖപ്പെടുത്തുന്ന മരണങ്ങൾ പോലും ആരോഗ്യ വകുപ്പിെൻറ കണക്കിൽപെടുന്നില്ല. അർബുദം, വൃക്കരോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങി മറ്റ് രോഗങ്ങൾ ബാധിച്ച കോവിഡ് രോഗികളുടെ മരണം സർക്കാർ കോവിഡ് കണക്കിൽ ഉൾപ്പെടുത്താത്തതും മരണ നിരക്ക് കുറയാൻ കാരണമായി.
കോവിഡ് മൂലം ആരോഗ്യം മോശമാവുകയും പിന്നീട് കോവിഡ് നെഗറ്റിവായിട്ടും രോഗാവസ്ഥയിൽ നിന്ന് മുക്തി ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നവരും കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുന്നില്ല. ഒരു മരണം കോവിഡ് മരണമായി പ്രഖ്യാപിക്കണമെങ്കിൽ മരണകാരണം കോവിഡായിരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. മാത്രമല്ല, രോഗി മരിക്കുമ്പോൾ കോവിഡ് പോസിറ്റിവായിരിക്കണം.
കൂടാതെ, ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു മുതൽ മരിച്ചതു വരെയുള്ള മുഴുവൻ ആരോഗ്യ റിപ്പോർട്ടും സമർപ്പിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ കോവിഡ് മരണമായി പ്രഖ്യാപിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.