കോഴിക്കോട്: ഗോവിന്ദപുരം എരവത്തുകുന്ന് വി.കെ. കൃഷ്ണമേനോൻ പാർക്കിൽ സന്നദ്ധസേവനം ചെയ്യുന്നവരുടെ ഇരുചക്രവാഹനങ്ങൾ കാർ ഡ്രൈവിങ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 767/23 നമ്പർ കേസിന്റെ തൽസ്ഥിതി 15 ദിവസത്തിനകം അറിയിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഒക്ടോബർ 31ന് കലക്ടറേറ്റ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം.കെ. അനിൽകുമാറിന്റെയും വാഹനങ്ങളാണ് തകർന്നത്. ജൂൺ 20ന് രാവിലെ ആറിനായിരുന്നു സംഭവം. പരാതിക്കാരുടെ സ്കൂട്ടറും ബൈക്കുമാണ് തകർന്നത്. പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. നടുവട്ടം സ്വദേശിക്കൊപ്പം കാർ ഡ്രൈവിങ് പഠിക്കാനെത്തിയ സ്ത്രീയുടെ വാഹനമാണ് ഇതെന്ന് പരാതിയിൽ പറയുന്നു. ഇരുചക്രവാഹനങ്ങൾ നന്നാക്കി നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കു മാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.