മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സക്കായി രോഗികളുടെ അനിശ്ചിതമായ കാത്തിരിപ്പ്

കോഴിക്കോട്: മെഡി. കോളജ് കാഷ്വാലിറ്റിയിൽ മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾ കടുത്ത ദുരിതത്തിൽ. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികൾ പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണ്.

ഓർത്തോ, സർജറി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമത്തിന് കഴിഞ്ഞ ദിവസം പരിഹാരമുണ്ടായതായി ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, ഏറ്റവും കൂടുതൽ രോഗികളെത്തുന്ന മെഡിസിൻ വിഭാഗത്തിൽ ഒരു പി.ജി ഡോക്ടറും രണ്ട് ഹൗസ് സർജന്മാരുമാണ് ഉണ്ടാവാറുള്ളത്.


കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ഷ്വാ​ലി​റ്റി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി​വ​ന്ന രോ​ഗി​ക​ളു​ടെ തി​ര​ക്ക്


 


ഇവർക്ക് ചികിത്സിക്കാവുന്നതിന്റെ മൂന്നിരട്ടി രോഗികൾ സ്ഥിരമായി വരിയിലുണ്ടാവും. പരിശോധനകൾക്ക് എഴുതിക്കിട്ടാൻതന്നെ രോഗികൾ അനിശ്ചിതമായി കാത്തിരിക്കണം. ഇതുകഴിഞ്ഞ് പരിശോധനഫലവുമായി വന്നാലും കാത്തിരിപ്പ് തന്നെ.

രാവിലെ വരുന്ന രോഗിക്ക് പ്രാഥമികമായി ലഭിക്കേണ്ട ചികിത്സ വൈകീട്ടുവരെ നിന്നാൽ പോലും ലഭിക്കാത്ത അവസ്ഥയാണ്. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത കാഷ്വാലിറ്റിയിൽ, രോഗവുമായി വരുന്നവർ വലയേണ്ട അവസ്ഥ. മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്തുവരുന്ന രോഗികളാണ് മെഡി. കോളജിൽ വരുന്നത്.

ഇതിൽതന്നെ അടിയന്തര ചികിത്സ വേണ്ടവരെയാണ് അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്. ഇത്തരം രോഗികൾക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിച്ച് ചികിത്സ നടപടികൾ വേഗത്തിലാക്കുക എന്നത് മാത്രമാണ് പ്രശ്ന പരിഹാരം.

പുതുതായി നിർമിച്ച അത്യാഹിത വിഭാഗം കെട്ടിട സമുച്ചയത്തിലേക്ക് കാഷ്വാലിറ്റി എത്രയും വേഗത്തിൽ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. മെഡി. കോളജിൽ രോഗികളും ഡോക്ടർമാരും ജീവനക്കാരും ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത് കാഷ്വാലിറ്റിയിലാണ്.

രോഗികളുടെ ബാഹുല്യമാണ് പ്രശ്നം. ഇവിടെ എത്തുന്ന രോഗികളെ എത്രയും പെട്ടെന്ന് വാർഡിലേക്കോ നിരീക്ഷണ വിഭാഗത്തിലേക്കോ മാറ്റാനാണ് നടപടി വേണ്ടത്. അതിനുള്ള സ്ഥലസൗകര്യവും ഡോക്ടർമാരുടെ സേവനവും ഇല്ലാത്തതാണ് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നത്.

Tags:    
News Summary - Indefinite patient waits for treatment in medical college emergency departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.