കോഴിക്കോട്: ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലൊന്നായ വെള്ളിമാട്കുന്നിലെ സർക്കാർ പ്രസ് അധികൃതരുടെ അവഗണയിൽ അടച്ചുപൂട്ടലിന്റെ വക്കിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജനുവരി എട്ടുമുതൽ ഇവിടെ പ്രിന്റിങ് നിർത്തി. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ബിൽബുക്ക്, ലെഡ്ജർ, ഫോമുകൾ എന്നിവയുടെ വിതരണം ഇതോടെ താറുമാറായി. ബിൽബുക്കുകളും ഫോമുകളും ഷൊർണൂരിൽനിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാണ് ഇതു കാരണമുണ്ടാവുന്നത്. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ കൃത്യസമയത്ത് ഇവ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാവശ്യ ഫോമുകൾക്കും കേസ് ഷീറ്റുകൾക്കും ക്ഷാമം നേരിടുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിലേക്കും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും ലെഡ്ജറുകൾ, ബിൽ ബുക്കുകൾ, അപേക്ഷ ഫോമുകൾ, സ്കൂളുകൾക്കാവശ്യമായ ചോദ്യപേപ്പറുകൾ എന്നിവ അച്ചടിച്ചിരുന്നത് വെള്ളിമാട്കുന്നിലെ ഈ പ്രസിൽനിന്നായിരുന്നു. പ്രസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഇവിടെനിന്ന് അച്ചടിക്കേണ്ട ക്വട്ടേഷനുകൾ മറ്റ് ജില്ലകളിലേക്ക് കൈമാറി സ്ഥാപനത്തെ ഇല്ലാതാക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.
പ്രസിലെ അഞ്ച് അച്ചടി മെഷീനുകളിൽ മൂന്നെണ്ണവും ഒരു പ്രിന്ററും മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു പ്രിന്റിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ രണ്ട് പ്രിന്റിങ് സ്റ്റാഫ് ഇല്ലാത്തതിനാൽ ഇതു നിർത്തിവെച്ചിരിക്കുകയാണ്. മൂന്നു പ്രിന്റിങ് മെഷീൻ ഉള്ള സ്ഥാപനത്തിൽ ചുരുങ്ങിയത് ആറു പ്രിന്റർമാർ വേണം. ബൈൻഡിങ് സെക്ഷനിൽ 20 ഓളം പേർ ഉണ്ടായിരുന്നത് മൂന്നായി. ഇതിൽതന്നെ രണ്ടുപേർ കട്ടിങ് ജോലിയിലേക്ക് മാറും.
ഫലത്തിൽ ഒരു ബൈന്റർമാരുടെ സേവനം മാത്രമാണുള്ളത്. വെള്ളിമാട്കുന്നിലെ പ്രസിൽനിന്ന് ജീവനക്കാർ സ്ഥലം മാറിപ്പോവുകയോ വിരമിക്കുകയോ ചെയ്താൽ പകരം നിയമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചു കാത്തിരിക്കുമ്പോഴാണ് സർക്കാർ ഇവിടേക്ക് ആളെ നിയമിക്കാൻ വിമുഖത കാണിക്കുന്നത്. പ്രിന്റിങ് പ്രസിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നിരവധി തവണ സർക്കാറിലേക്ക് നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല. ഡി.ടി.പി പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് ആയിട്ടും പ്രിന്റിങ് പ്രസിലേക്ക് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തയാറാകാത്തത് ജില്ലയോടുള്ള അവഗണനയാണെന്ന പരാതിയുണ്ട്. സർക്കാർ പ്രസുകളിൽ അതർ ഡ്യൂട്ടി നിർത്തലാക്കണമെന്ന സർക്കാർ ഉത്തരവു പ്രകാരം അഞ്ചു ജീവനക്കാരെ കഴിഞ്ഞ ജൂലൈയിൽ പിരിച്ചുവിട്ടതോടെയാണ് പ്രസിന്റെ പ്രവർത്തനം തീർത്തും അവതാളത്തിലായത്.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രസ് നിലനിർത്തുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെന്റ് പ്രസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ് അഡ്വ. എം. രാജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.