കോഴിക്കോട്: പഴയ ലയൺസ് പാർക്ക് കേന്ദ്രസർക്കാറിന്റെ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ കോർപറേഷൻ തീരുമാനം. അഞ്ചു കോടിയുടെ പദ്ധതി അമൃത് പദ്ധതിയുടെ സംസ്ഥാനതല വിദഗ്ധ സമിതിക്ക് (എസ്.എൽ.ടി.സി) കോർപറേഷൻ സമർപ്പിച്ചു.
സംസ്ഥാനതല വിദഗ്ധ സമിതിയുടെ അടുത്തയോഗത്തിൽ വിഷയം ചർച്ചചെയ്യും. എസ്.എൽ.ടി.സിയുടെ തീരുമാനമനുസരിച്ചാവും പദ്ധതി മുന്നോട്ടുപോവുക. സരോവരം, കല്ലായി, എരവത്ത്കുന്ന്, കുറ്റിച്ചിറ എന്നിവിടങ്ങളിലെ പാർക്കുകളുടെ കാര്യവും ഇതോടൊപ്പം അമൃത് കോർ കമ്മിറ്റി പരിഗണിച്ചുവെങ്കിലും ഏറ്റവും പെട്ടെന്ന് വേണ്ടതെന്നനിലയിൽ ലയൺസ് പാർക്ക് തന്നെ നന്നാക്കാൻ തീരുമാനിക്കുകയായിരുന്നു.
ലയൺസ് ക്ലബിന് നടത്താൻകൊടുത്ത പാർക്ക് കോർപറേഷൻ ഏറ്റെടുത്തശേഷം ബീച്ചിലെത്തുന്ന വാഹനങ്ങൾ നിർത്തിയിടാനുള്ള കേന്ദ്രമായി മാറിയിരുന്നു. പാർക്കിന് പുറത്ത് കടലിനോട് ചേർന്ന ചുമരിന്റെ മറവിൽ മയക്കുമരുന്ന് വിൽപനയടക്കം നടക്കുന്നതായി പരാതിയുയർന്നിരുന്നു. പാർക്കിലും പരിസരത്തും മദ്യപാനം, ലഹരി ഉപയോഗം, സാമൂഹിക വിരുദ്ധരുടെ ശല്യം എന്നിവ ഏറി. തെരുവുനായ്ക്കളുടെ കൂട്ടംതന്നെ പാർക്കിൽ വിഹരിക്കുന്ന സ്ഥിതിയായി.
ലയൺസ് പാർക്ക് പൂർണമായി നവീകരിക്കാൻ രണ്ട് കോടിയുടെ കോർപറേഷൻ പദ്ധതി തയാറായിരുന്നു. 2022-23 വർഷത്തെ വികസന പദ്ധതിയിലുൾപ്പെടുത്തിയുള്ള നവീകരണമാണ് ഇപ്പോൾ അമൃത് പദ്ധതി വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടി ഹാജിയാണ് ലയൺസ് ഇന്റർനാഷനൽ ക്ലബിന് ബീച്ചിലെ സ്ഥലം പാർക്കാക്കാൻ കൈമാറിയത്.
തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽക്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. പിന്നീട് പാർക്കിന് വടക്ക് 1973ൽ കുട്ടികളുടെ പാർക്കും ആരംഭിച്ചു. അന്നത്തെ പാർക്കിലുള്ള പ്രതിമകളും പൊയ്കകളും മറ്റും സംരക്ഷിച്ചാവണം നവീകരണമെന്ന ആവശ്യം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.