കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ ലഭിച്ച, യുനസ്കോയുടെ ‘സാഹിത്യ നഗരം’ പദവിയുടെ ആഹ്ലാദത്തിലാണ് കോഴിക്കോട്. ഇന്ത്യയിൽ ആദ്യമായാണ് സാഹിത്യനഗര പദവി ഒരു പട്ടണത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യുനസ്കോ പ്രഖ്യാപിച്ച 55 സർഗാത്മക നഗരങ്ങളിൽ സംഗീത നഗരം പദവി കിട്ടിയ മധ്യപ്രദേശിലെ ഗ്വാളിയോർ മാത്രമാണ് ഇന്ത്യയിൽനിന്ന് ഇടം പിടിച്ചത്. ലോകത്തിലെ സാഹിത്യനഗര പദവി ലഭിച്ച നഗരങ്ങളുമായി ഇനി കോഴിക്കോടിന് പ്രത്യേക ബന്ധം സ്ഥാപിക്കാനാവും.
സാഹിത്യവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരം വർധിപ്പിക്കുക, പ്രസിദ്ധീകരണാലയങ്ങളും വായനശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സാംസ്കാരിക സ്ഥാപനങ്ങളും കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികളും കൂട്ടായ്മകളും രൂപപ്പെടുത്തുക, വ്യവസായ-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി സാഹിത്യത്തിലൂടെ നഗരവളർച്ചക്ക് ശക്തിപകരുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂട്ടായ ശ്രമത്തിലൂടെ പ്രത്യേക പദവിയിലെത്തിയ നഗരത്തിന് തുടർപ്രവർത്തനങ്ങളും എളുപ്പമാവുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരം ബഹുമതി ലഭിച്ചതിൽ കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ എക്സിൽ കുറിച്ചു. ‘സാഹിത്യകലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടംനേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യപാരമ്പര്യമുള്ള ഈനഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായസ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ’ എന്നാണ് കുറിപ്പ്.
സാംസ്കാരിക പരിപാടി വർധിക്കും
സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് നഗരത്തിൽ കൂടുതൽ ഇടം ലഭിക്കും. നിള നദിയുടെ തീരം മുതൽ ബേപ്പൂർ കൂടി ഉൾപ്പെട്ട ലിറ്റററി സർക്യൂട്ട് പദ്ധതിക്ക് വേഗത കൂടും. സാംസ്കാരിക തീർഥാടന കേന്ദ്രമെന്ന നിലയിൽ വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ സ്മാരകം ഒരുക്കാനുള്ള പദ്ധതി വേഗത്തിലാവും. സംസ്ഥാന ബജറ്റിൽ മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടിൽ ബേപ്പൂരിനെ ഉൾപ്പെടുത്തിയിരുന്നു.
തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളാണ് ലിറ്റററി സർക്യൂട്ടിൽ ഉൾക്കൊള്ളിച്ചത്. വർഷങ്ങൾ പഴക്കമുള്ള ലൈബ്രറികളും ലിറ്റററി ഫെസ്റ്റിവലും സാഹിത്യകുലപതികളുടെ സാന്നിധ്യവും ‘കോലായ’ പോലുള്ള സാഹിത്യ കൂട്ടായ്മകളും പ്രസിദ്ധീകരണാലയങ്ങളും നിരവധി പത്രങ്ങളുടെ ആസ്ഥാനമാണെന്നതുമെല്ലാം സാഹിത്യ നഗരപദവി ലഭിക്കാൻ കോഴിക്കോടിന് തുണയായി.
വർഷങ്ങൾക്കുമുമ്പ് മാനാഞ്ചിറയിൽ കോർപറേഷൻ ലിറ്റററി പാർക്ക് സ്ഥാപിച്ചിരുന്നു. സാഹിത്യത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ലിറ്റററി സർക്യൂട്ട് പദ്ധതിയും സാഹിത്യനഗരം പദ്ധതിയുമെല്ലാമാവുമ്പോൾ വികസനത്തിന് അത് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം ലിറ്ററേച്ചർ സർക്യൂട്ടിന്റെ പ്രാഥമിക പ്രോജക്ടാണ്. ഇതിന് 13.43 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിരേഖ തയാറാക്കിയിരുന്നു. കോഴിക്കോട് കേന്ദ്രമായി ഉമ്പായി സ്മാരക ഹിന്ദുസ്ഥാനി സംഗീത അക്കാദമിക്കും സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന സമയത്ത് പ്രഖ്യാപിച്ച ഇൻഡോ-അറബ് സാംസ്കാരിക കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ പ്രാഥമിക ഫണ്ടായി 10 കോടി അനുവദിച്ചിരുന്നു. ഇവയെല്ലാം സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി വേഗത്തിലാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.