കോഴിക്കോട്: കൺസ്യൂമർ ഫെഡിൽ സഹകരണ വകുപ്പ് നടത്തുന്ന ഓഡിറ്റ് നിലച്ചിട്ട് ആറു വർഷം. 2016-17നുശേഷം ഓഡിറ്റ് നടന്നിട്ടില്ല. ദിനംപ്രതി 15 കോടി രൂപയോളം വാങ്ങലും വിൽപനയും നടത്തിവരുന്ന കൺസ്യൂമർ ഫെഡിന്റെ ആറ് സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
2017-18 മുതൽ 2023-24 വരെയുള്ള കൺകറന്റ് ഓഡിറ്റ് അടിയന്തര പ്രാധാന്യം നൽകി സമയബന്ധിതമായി 2024-25 വർഷത്തിൽ പൂർത്തിയാക്കാൻ സർക്കാർ ഉത്തരവിട്ടു. ഓഡിറ്റ് നടത്താൻ സഹകരണ സംഘം ഓഡിറ്റ് ഡയറക്ടർക്ക് അഡീഷനൽ സെക്രട്ടറി നിർദേശം നൽകി. കൺസ്യൂമർ ഫെഡിന്റെ നടപടികൾ സുതാര്യമാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ എന്നിവർക്ക് കർശന നിർദേശവും നൽകി.
സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം ഓപൺ ടെൻഡർ നടത്തുമ്പോൾ രണ്ടു പ്രാദേശിക ദിനപത്രങ്ങളിലും ഒന്നോ രണ്ടോ ഇംഗ്ലീഷ് ദിനപത്രങ്ങളിലും പ്രത്യേകിച്ച് ഉൽപന്നങ്ങളുടെ സൈപ്ലയുള്ള സ്ഥലങ്ങളിൽ പ്രചാരത്തിലുള്ള പത്രങ്ങളിൽ പരസ്യം നൽകി പ്രചാരണം നൽകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
കൺസ്യൂമർ ഫെഡ് വിവിധ ഏജൻസികളുമായും സ്ഥാപനങ്ങളുമായി ഏർപ്പെട്ടിട്ടുള്ള 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ചതിൽ, തുച്ഛമായ മുദ്രപ്പത്രങ്ങളാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. 2018ലെ ഫിനാൻസ് ആക്ട് പ്രകാരം കരാറിൽ ഏർപ്പെടുന്ന മുദ്രപ്പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരിക്കെ എല്ലാ കരാറുകൾക്കും 200 രൂപയുടെ മുദ്രപ്പത്രമാണ് ഉപയോഗിച്ചത്.
2018ന് ശേഷമുള്ള കാലാവധി കഴിഞ്ഞിട്ടില്ലാത്ത കരാറുകളിലെ മുദ്രപ്പത്രങ്ങളുടെ മൂല്യം 2018ലെ ഫിനാൻസ് ആക്ട് പ്രകാരം കണക്കാക്കി, ആവശ്യമായ മുദ്രപ്പത്രം വാങ്ങി പരിശോധന വിഭാഗത്തെ അറിയിക്കാനും ഉത്തരവിട്ടു.
ഇനി മുതൽ ഏർപ്പെടുന്ന എല്ലാ കരാറുകളിലും സർക്കാർ വ്യവസ്ഥ പ്രകാരമുള്ള മുദ്രപ്പത്രത്തിന്റെ വില ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ, ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടം ഈടാക്കണം. സഹകരണ സംഘങ്ങൾ നൽകുന്ന സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ഗുണഭോക്താക്കൾക്ക് ലഭ്യമാവുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സംഘം രജിസ്ട്രാർ നടപടിഫ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.