കോഴിക്കോട്: ജയിലിലെ തടവുകാരുണ്ടാക്കിയ ഭക്ഷണത്തിന് ആവശ്യക്കാർ കൂടുന്നു. ജയിൽ ചപ്പാത്തിക്കും ജയിൽ ബിരിയാണിക്കും സ്വീകാര്യത കൂടിയതോടെ ജില്ല ജയിലിന്റെ മതിലുകൾ കടന്ന് മിഠായിത്തെരുവ്, സിവിൽ സ്റ്റേഷൻ, പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കൗണ്ടറുകൾ വ്യാപിപ്പിച്ചിരിക്കുകയാണ്. വിലക്കുറവും ഗുണമേന്മയുമാണ് ജയിലിലെ ഫ്രീഡം ഫുഡിന് ‘ആരാധകർ’ കൂടുന്നതിന് കാരണം. മായമില്ല എന്നതും സാധാരണക്കാരെ ഈ ഭക്ഷണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ല ജയിൽ രണ്ടു വർഷംകൊണ്ട് ലാഭമായി നേടിയത് 2,13,84,951 രൂപയാണ്. ദിവസവും 1500ലധികം ആളുകളാണ് ജയിൽ ഭക്ഷണം വാങ്ങാനെത്തുന്നത്. ദിവസവും 5000 മുതൽ 6000 വരെ ചപ്പാത്തികളും 200ഓളം ബിരിയാണികളും അമ്പതോളം ചില്ലി ചിക്കനും വിൽക്കാൻ കഴിയുന്നുണ്ട്. പ്രതിദിനം 30,000-40,000 രൂപയുടെ ഭക്ഷണമാണ് വിറ്റുപോകുന്നത്. ചപ്പാത്തിക്കുതന്നെയാണ് ആവശ്യക്കാർ കൂടുതലെന്ന് ജില്ല ജയിൽ സൂപ്രണ്ട് എം.എം. ഹാരിസ് പറഞ്ഞു. മിഠായിത്തെരുവ്, സിവിൽ സ്റ്റേഷൻ, പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെയാണ് ജയിലുദ്യോഗസ്ഥരെത്തി ഭക്ഷണം വിൽക്കുന്നത്.
2011ലാണ് കോഴിക്കോട് ജില്ല ജയിലിൽ ഭക്ഷണ കൗണ്ടർ ആരംഭിച്ചത്. തടവുകാരായ 10 പേരാണ് ഭക്ഷണം പാകംചെയ്യുന്നത്. 170 രൂപയാണ് ഇവരുടെ കൂലി. തടവുകാരുടെ അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. ശിക്ഷ കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഈ തുക ഇവർക്ക് നൽകും.
ചപ്പാത്തി - രണ്ടുരൂപ, പച്ചക്കറി കറി -15 രൂപ, മുട്ടക്കറി -15, ചിക്കൻ കറി -25, ചില്ലി ചിക്കൻ -60, ചിക്കൻ ബിരിയാണി -65, കുടിവെള്ളം -10 രൂപ എന്നിങ്ങനെയാണ് ഇവിടത്തെ നിരക്ക്. തടവുകാർക്ക് നൽകുന്ന കൂലിയിലുള്ള ഇളവുകാരണമാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാൻ കഴിയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തടവുകാർ പരോളിൽ പോയതോടെ ജയിലിലെ പല പദ്ധതികളും ഭാഗികമായി മുടങ്ങിയിരുന്നു. തടവുകാർ തിരിച്ചെത്തിയതോടെ ‘ഫ്രീഡം ഫുഡ്’ പദ്ധതികളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.