കോഴിക്കോട്: ജൽജീവൻ മിഷൻ വഴി ജില്ലയിൽ നൽകിയത് 1.39 ലക്ഷം കുടിവെള്ള കണക്ഷനുകൾ. 91,226 വീടുകളിലാണ് ഇതിനകം വെള്ളമെത്തിയത്. അവശേഷിക്കുന്നവയിൽ അടുത്തദിവസങ്ങളിൽ വെള്ളമെത്തും. 2024ഓടെ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലായി 4.60 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല ജല ശുചിത്വ മിഷൻ മെംബർ സെക്രട്ടറി അരുൺ കുമാർ പറഞ്ഞു. നിലവിൽ കണക്ഷൻ നൽകിയവരിൽനിന്ന് മുൻകൂർ തുക ഈടാക്കായിട്ടില്ല. സർക്കാർ തീരുമാനം വരുന്ന മുറക്കേ ഇതുണ്ടാവൂ. എന്നാൽ, ഇവരിൽനിന്ന് വെള്ളക്കരം ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മാർച്ചിലെ സർവേ പ്രകാരമാണ് ഇപ്പോൾ ജൽജീവൻമിഷൻ കുടിവെള്ള കണക്ഷനുകൾ നൽകുന്നത്. എല്ലായിടത്തും പുതിയ വീടുകൾ വരുന്ന സാഹചര്യത്തിൽ കൂടുതൽ കണക്ഷനുകൾ സ്വാഭാവികമായും വേണ്ടിവരും.
പെരുവണ്ണാമൂഴി ഡാമിൽനിന്നാണ് 18 ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പെരുവണ്ണാമൂഴിയിൽ തന്നെ പുതിയ സംവിധാനമൊരുക്കി മറ്റു15 പഞ്ചായത്തുകളിലും വെള്ളമെത്തിക്കും. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാൻ കൂളിമാട് പമ്പ് ഹൗസിനോട് ചേർന്ന് പുതിയ ജലസ്രോതസ്സുണ്ടാക്കും. പദ്ധതിയുടെ കുടിവെള്ള സംഭരണികൾക്കാവശ്യമായ സ്ഥലങ്ങൾ ഒട്ടുമിക്ക പഞ്ചായത്തിലും ലഭ്യമായിട്ടുണ്ട്.
വിരലിലെണ്ണാവുന്ന പഞ്ചായത്തുകളിൽ മാത്രമാണ് സ്ഥലം പ്രശ്നങ്ങളുള്ളത്. ജില്ല കലകട്ർ അടക്കം ഇടപെട്ട് ഇവ പരിഹരിച്ചുവരുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികളായാണ് നടപ്പാക്കുന്നതെങ്കിൽ കേരളത്തിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസാന്ദ്രതയും കണക്കിലെടുത്ത് ബൃഹദ്പദ്ധതിയായാണ് നടപ്പാക്കുന്നത്. ദേശീയതലത്തിൽ ഒരാൾക്ക് ഒരു ദിവസം 65 ലിറ്റർ വെള്ളം എന്നാണ് കണക്കാക്കുന്നതെങ്കിൽ കേരളത്തിൽ ഇത് 100 ലിറ്ററായാണ് കണക്കാക്കുന്നത്. ഇതിനോടകം കുന്നുമ്മൽ, തുറയൂർ പഞ്ചായത്തുകൾ ആവശ്യമായത്ര കണക്ഷനുകൾ നൽകി ഹർ ഘർ ജൽ പഞ്ചായത്തുകളായി മാറിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.