കടലുണ്ടി: ചാലിയം കടവിൽ ജങ്കാർ തടഞ്ഞ് ജനങ്ങളെ പെരുവഴിയിലാക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ ഇരുട്ടിൽതപ്പുന്നു. തുറമുഖവകുപ്പ്, കടലുണ്ടി പഞ്ചായത്ത്, കൊച്ചിൻ സർവിസ് എന്നീ മൂന്നു വിഭാഗങ്ങൾക്കും കടവിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് വ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല.
ആയിരത്തോളം യാത്രക്കാർക്കും നൂറുകണക്കിന് വാഹനങ്ങൾക്കും ഏറെ പ്രയോജനമായിരുന്ന കടവ് നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. നാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും നിരന്തരം പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും ബന്ധപ്പെട്ടവർക്ക് ഒരുകുലുക്കവുമില്ല.
പുതിയ ജങ്കാർ എത്തുംവരെ സുരക്ഷാവീഴ്ച കാണിച്ച് തുറമുഖവകുപ്പ് പിടിച്ചിട്ട ജങ്കാർ അറ്റകുറ്റപ്പണി നടത്താൻ വേണ്ട സഹായങ്ങൾ ചെയ്തുതരണമെന്ന് കൊച്ചിൻ സർവിസ് ആവശ്യപ്പെട്ടിരുന്നു. ഇത് ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല. തുറമുഖ വകുപ്പിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചാൽ മൂന്നു ദിവസം കൊണ്ട് വെൽഡിങ് ജോലി പൂർത്തീകരിച്ച് കടവിൽ ഇറക്കാമെന്നും പുതിയ ജങ്കാർ വരുന്നപക്ഷം ഈ ജങ്കാർ സ്റ്റാൻഡ് ബൈ ആക്കാമെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, കാലവർഷം കഴിഞ്ഞ് തുറമുഖം തുറക്കുന്ന ആഗസ്റ്റ് 15ഓടെ ജങ്കാർ സർവിസ് പുനരാരംഭിച്ചിട്ടില്ലെങ്കിൽ മറ്റൊരു ടെൻഡർ ക്ഷണിച്ച് പുതിയ കടത്തുകാരെ കണ്ടെത്താനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. കൊച്ചിൻ സർവിസിന്റെ കരാർ കാലാവധി 2025ലാണ് അവസാനിക്കുക.
അതിനിടയിൽ കാലാവസ്ഥ അനുകൂലമായാൽ കൊച്ചിയിൽനിന്ന് ജങ്കാറെത്തിക്കാൻ കരാറുകാർ തയാറായാൽ സർക്കാറിന്റെ ഭാഗത്തുനിന്ന് സാങ്കേതികസഹായം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചാലിയംകടവിലെ അനിശ്ചിതാവസ്ഥക്ക് നേരിട്ട് ഇടപെട്ട് പരിഹാരം കാണണമെന്ന് അഭ്യർഥിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.