കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് നാല്, രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ റോഡ് ശോച്യാവസ്ഥക്കെതിരെ വേട്ടൂണ്ട ക്ഷേത്ര-മഹല്ല് കൂട്ടായ്മ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെരുവണ്ണാമൂഴിയിൽനിന്ന് കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പദ്ധതി 2006ലാണ് തുടങ്ങുന്നത്.
2018ൽ ഒന്നാം ഘട്ടം പൂർത്തിയാവുകയും ചെയ്തു. കോട്ടൂർ പഞ്ചായത്തിലെ നരയംകുളം മുതൽ വേട്ടൂണ്ട വരെയുള്ള 2.5 കിലോമീറ്റർ വയൽ നികത്തിയാണ് പൈപ്പ് സ്ഥാപിച്ചത്. പൈപ്പിന് മുകളിലൂടെ ജല അതോറിറ്റി റോഡ് പണിയുകയും ചെയ്തു.
എന്നാൽ, ഈ റോഡ് ടാർ ചെയ്യാൻ അധികൃതർ ഇതുവരെ തയാറായില്ല. വേട്ടൂണ്ട മുതൽ അര കിലോമീറ്റർ വരെ മെറ്റൽ ചെയ്തിരുന്നു. ഇത് മുഴുവൻ ഇളകി കാൽനടപോലും ദുരിതമായിരിക്കുകയാണ്. മഴ പെയ്തതോടെ റോഡ് ചളിക്കുളമായി. വേട്ടൂണ്ട ശ്രീ ലക്ഷ്മീനാരായണ ക്ഷേത്രം, ചാമക്കാലയിൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്. 50ഓളം കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു.
ഈ റോഡ് കൂട്ടാലിട -കായണ്ണ ബൈപാസായും ഉപയോഗിക്കാം. ക്ഷേത്ര, മഹല്ല് കമ്മിറ്റി രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി യോഗത്തിൽ എൻ.എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം. യൂസഫ്, ആലിക്കോയ മഠത്തിൽ, പി.എം. പ്രകാശൻ, എം. നൗഫൽ, സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: സിറാജ് കാളിയത്ത് (ചെയർ), കെ. ബിബിൻ പ്രസാദ് (കൺ), വി.കെ. ബാബീഷ് (വൈ. ചെയർ), സി.കെ. ഉണ്ണികൃഷ്ണൻ (ജോ. സെക്ര), ബഷീർ കൊച്ചുമാരിയിൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.