കമ്മത്ത് ലൈനിലെ ജ്വല്ലറി കവർച്ച: നാലു പ്രതികളും റിമാൻഡിൽ

കോഴിക്കോട്: പട്ടാപ്പകൽ കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. മണക്കടവ് സ്വദേശി പ്രണവ്, ചക്കുംകടവ് സ്വദേശി സർഫാസ്, പറമ്പിൽ ബസാർ സ്വദേശികളായ സുബീഷ്, അഖിൽ എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ മേയ് 27ന് ഉച്ചക്കാണ് കെ.പി.കെ ജ്വല്ലറിയിൽ സംഘം കവർച്ച നടത്തിയത്.

ജീവനക്കാർ കടയുടെ ഷട്ടർ അടച്ച് പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. ആദ്യം മൂന്ന് നെക്ലേസുകളും പണവും നഷ്ടമായെന്നാണ് കരുതിയത്. മുഴുവൻ സ്വർണവും പണവും പരിശോധിച്ചപ്പോഴാണ് 950 ഗ്രാമോളം സ്വർണവും പതിനൊന്നര ലക്ഷത്തോളം രൂപയും കവർന്നതായി വ്യക്തമായത്. കടയുടമയുടെ വിശ്വസ്തനായി നടിച്ചിരുന്ന സർഫാസ് കടയിൽ സ്വർണവും പണവും വെക്കുന്ന ഭാഗവും സി.സി ടി.വി കാമറയുടെ ഡി.വി.ആറിന്‍റെ സ്ഥാനവും കൃത്യമായി മനസ്സിലാക്കിയിരുന്നു. കള്ളത്താക്കോലുപയോഗിച്ചാണ് ഷട്ടർ തുറന്ന് കടക്കുള്ളിലെത്തിയത്.

വെള്ളിയാഴ്ച ഈ ഭാഗത്തെ മിക്ക വ്യാപാരികളും വെള്ള വസ്ത്രമാണ് ധരിക്കുക എന്നതടക്കം മനസ്സിലാക്കി ആളെ തിരിച്ചറിയാതിരിക്കാൻ പ്രതികൾ ഇത്തരത്തിൽ വേഷം ധരിക്കുകയും ചെയ്തിരുന്നു. സമീപത്തെ കടയിലെ കണ്ണാടിയിൽ പ്രതികളിലൊരാളുടെ പ്രതിബിംബം തെളിഞ്ഞത് അവിടത്തെ സി.സി ടി.വിയിൽ പതിഞ്ഞതാണ് നിർണായക തെളിവായത്. ഇത് സുബീഷാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതികൾ വലയിലായത്.

തൊട്ടടുത്ത കടകളിലെ സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ പ്രണവിന്‍റെ കാർ മോഷണം നടന്ന ദിവസം രാവിലെ മുതൽ കടയുടെ മുന്നിൽ പാർക്ക് ചെയ്യലടക്കമുള്ള തന്ത്രവും പ്രതികൾ പയറ്റിയിരുന്നു. പ്രതികളെ പിടികൂടിയതിനുപിന്നാലെ വീടുകളിൽ നടത്തിയ പരിശോധനയിൽ നഷ്ടമായ പണവും സ്വർണവും സി.സി ടി.വിയുടെ ഡി.വി.ആറും പൊലീസ് കണ്ടെടുത്തു.

കേസിലെ തൊണ്ടിമുതലുകളെല്ലാം ലഭിച്ചതിനാൽ പ്രതികളെ കസ്റ്റഡിയിൽവാങ്ങേണ്ടിവരില്ലെന്നും കുറ്റകൃത്യത്തിൽ വേറെയാർക്കും പങ്കില്ലെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും കസബ എസ്.ഐ എസ്. ജയശ്രീ പറഞ്ഞു.

Tags:    
News Summary - Jewelery robbery at Kammath Line: Four accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.