കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം കൂടത്തായി കൊലപാതക കേസ് അന്വേഷണ സംഘത്തിൽ താൻ അംഗമായിരുന്നുവെന്നും കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി വില്ലേജ് ഓഫിസിലും ഓമശ്ശേരി പഞ്ചായത്ത് ഓഫിസിലും പരിശോധന നടത്തിയെന്നും റോയ് തോമസ് വധക്കേസിലെ 237 ാം സാക്ഷി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. ബിജു മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുമ്പാകെ മൊഴിനൽകി. പൊന്നാമറ്റം വീടിന്റെയും വസ്തുവിന്റെയും ഉടമസ്ഥതയും ജമയും മാറ്റാൻ ഒന്നാംപ്രതി ജോളി നൽകിയ അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും ഹാജരാക്കി തന്നത് താൻ സീഷർ മഹസറിൽ വിവരിച്ച് ബന്തവസ്സിൽ എടുത്തിരുന്നതായും അദ്ദേഹം മൊഴി നൽകി.
അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ക്രൈം താൻ അന്വേഷിച്ച് ജോളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നതായി സാക്ഷി മൊഴി നൽകി. പഞ്ചായത്ത് ഓഫിസിൽനിന്നും വില്ലേജ് ഓഫിസിൽനിന്നും കണ്ടെടുത്ത രേഖകൾ ഡിവൈ.എസ്.പി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിൽ താൻ ഏതാനും സാക്ഷികളെയും ചോദ്യം ചെയ്തതായി ഡിവൈ.എസ്.പി മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. സാക്ഷിവിസ്താരം ബുധനാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.