ബേപ്പൂർ: ബേപ്പൂർ-ചാലിയം കടവിലെ ജങ്കാർ സർവിസ് ഇടക്കിടെ നിർത്തിവെക്കുന്നത് അന്തർജില്ല വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ദുരിതമാകുന്നു. മുന്നറിയിപ്പില്ലാതെയും മുൻകൂട്ടി അധികൃതരോട് അനുവാദം വാങ്ങാതെയും ബദൽ സംവിധാനങ്ങൾ ഒരുക്കാതെയുമാണ് ജങ്കാർ നിർത്തിവെക്കുന്നത്. ശനിയാഴ്ച സർവിസ് നിർത്തിയ ജങ്കാർ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. യാത്രാദൂരവും പണവും സമയവും ലാഭിക്കാൻ മാത്രമല്ല, നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും ജങ്കാർ ആശ്രയിക്കുന്നവർ നിരവധിയാണ്.
ജങ്കാറില്ലെങ്കിൽ ചാലിയത്തേക്കും ബേപ്പൂരിലേക്കുമുള്ള യാത്രക്കാർ 10 കിലോമീറ്ററോളം അധികം ദൂരം ഫറോക്ക് വഴി യാത്രചെയ്യേണ്ടിവരുന്നു. കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ, നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങി ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി, താനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. സാധാരണ ദിവസങ്ങളിൽ 500ൽ പരം യാത്രക്കാരും 100 ഓളം വാഹനങ്ങളും, വിശേഷ, ഒഴിവ് ദിനങ്ങളിൽ ആയിരത്തിലധികം ആളുകളും 250ൽപരം വാഹനങ്ങളും ജങ്കാറിലൂടെ മറുകരയെത്തുന്നുണ്ടെന്നാണ് കണക്ക്.
അധികൃതരുടെ നിബന്ധനകൾ പൂർണമായും പാലിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കടലുണ്ടി പഞ്ചായത്ത് 'കൊച്ചിൻ ജങ്കാർ സർവിസി'ന് യാത്രാനുമതി നൽകിയത്. എന്നാൽ, ജങ്കാർ വിഷയത്തിൽ കടലുണ്ടി പഞ്ചായത്ത് വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്.
തുടർച്ചയായി അധികൃതരിൽ നിന്നും ലഭിക്കുന്ന ന്യൂനമർദ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് സർവിസ് നിർത്തിവെക്കേണ്ടി വരുന്നതെന്നാണ് ജങ്കാർ നടത്തിപ്പുകാരുടെ വിശദീകരണം. കാലപ്പഴക്കം കാരണം പ്രവർത്തനക്ഷമത കുറഞ്ഞ പഴയ ജങ്കാറിന് പകരം നവീന രീതിയിലുള്ള പുത്തൻ ജങ്കാർ ഉപയോഗിച്ചാൽ ഏതു കാലാവസ്ഥയിലും മുടക്കമില്ലാതെ സർവിസ് നടത്താനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സർവിസ് ഇടക്കിടെ നിർത്തിവെക്കുന്നത് കാരണം, മത്സ്യത്തൊഴിലാളികളും, ഫിഷറീസ് സ്കൂൾ, ബേപ്പൂർ ഹൈസ്കൂൾ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും യാത്ര ചെയ്യുന്നവരടക്കം കടുത്ത പ്രയാസം നേരിടുകയാണ്. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.