കോഴിക്കോട്: മുംബൈയിൽനിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന കണ്ണിയിൽപെട്ട രണ്ടു കണ്ണൂർ സ്വദേശികൾ പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. കണ്ണൂർ എടക്കാട് തോട്ടട സമാജ്വാദി കോളനിയിലെ സുനീഷ് (36), കൂത്തുപറമ്പ് നിർമലയിൽ രാജേഷ് (32) എന്നിവരാണ് 37 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
പിടികൂടിയ ലഹരിമരുന്ന് മുംബൈയിൽ നിന്നുമാണ് ഇവർ എത്തിച്ചതെന്നാണ് ചോദ്യംചെയ്യലിൽ മനസ്സിലായതെന്നും പിടിയിലായവർ മുമ്പും മുംബൈയിൽനിന്ന് കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ രണ്ടുപേരും ബന്ധുക്കളാണ്.
മുമ്പ് കോഴിക്കോട് ജോലിചെയ്ത പരിചയത്തിലാണ് ഇവിടെയുള്ള ഇടപാടുകാരെ ഇവർ കണ്ടെത്തിയത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താൻ തുടരന്വേഷണം നടത്തുമെന്നും നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പി. പടന്നയിൽ പറഞ്ഞു.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എസ്.സി.പി.ഒ അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ ഷബീർ, ബിനിൽ കുമാർ പ്രദീഷ്, സി.പി.ഒ സുധീന്ദ്രൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.