കരിപ്പൂർ: കേന്ദ്ര സർക്കാറിെൻറ പുതിയ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് വിമാനത്താവളവും. 33 വർഷമായി പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യമേലഖക്ക് കൈമാറുന്നതോടെ നടത്തിപ്പുകാരായ വിമാനത്താവള അതോറിറ്റിക്ക് വൻ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. കോവിഡിന് മുമ്പ് 2019-20ൽ 64.41 കോടിയും 2018-19ൽ 73.11 കോടിയുമായിരുന്നു ലാഭം. കരിപ്പൂരിന് 562 കോടി രൂപയാണ് കേന്ദ്രം മൂല്യമായി കണക്കാക്കിയിരിക്കുന്നത്.
നിലവിൽ കരിപ്പൂർ വഴി ഒരു അന്താരാഷ്ട്ര യാത്രക്കാരൻ സഞ്ചരിക്കുേമ്പാൾ 476 രൂപയാണ് വിമാനത്താവള അതോറിറ്റിക്ക് കിട്ടുന്നത്. ആഭ്യന്തര യാത്രക്ക് 213 രൂപയും. കൂടാതെ, വിമാനങ്ങളുടെ പാർക്കിങ് ഫീ, ലാൻഡിങ് ഫീ, റൂട്ട് നാവിഗേഷൻ ഫീ, വാഹനങ്ങളുടെ പാർക്കിങ്, സ്റ്റാളുകൾ, മറ്റ് കമേഴ്സ്യൽ വരുമാനം ഉൾപ്പെടെ ഓരോ വർഷവും വൻ തുകയാണ് കേന്ദ്രത്തിന് ലഭിക്കുക.
പുതിയ നയപ്രകാരം ഓരോ യാത്രക്കാരുടെയും എണ്ണത്തിന് അനുസരിച്ചാണ് ലേലതുക നിശ്ചയിക്കുക. തിരുവനന്തപുരത്ത് 168 രൂപക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. കരിപ്പൂരിന് ഏകദേശം സമാനമായ തുക മാത്രമാണ് ലഭിക്കുകയെന്നാണ് നിഗമനം.
സ്വകാര്യവത്കരണത്തിനുശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചാലും അതോറിറ്റിക്ക് വരുമാനം കുറയും. 386 ഏക്കറിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്്. ഈ ഭൂമിയെല്ലാം കരാർ കമ്പനിക്ക് കമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും.
വികസനത്തിന് തിരിച്ചടിയാകും
വികസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുകയും തുടർപ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് കരിപ്പൂരും സ്വകാര്യവത്കരണ പട്ടികയിൽ ഉൾപ്പെട്ടത്. നിലവിൽ റൺവേ, ഏപ്രൺ വികസനത്തിന് ഭൂമി അത്യാവശ്യമാണ്. സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ടുപോകുന്നതോടെ ഭൂമി ഏറ്റെടുക്കൽ പ്രയാസത്തിലാകും. നിലവിൽ 152.5 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്്. വിമാനത്താവളം സ്വകാര്യവത്കരിക്കുകയാണെങ്കിൽ സർക്കാർ ലഭ്യമാക്കുന്ന ഭൂമിക്ക് തുല്യമായ ഓഹരി ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്്. ഈ മാനദണ്ഡം അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ജീവനക്കാരെ നേരിട്ട് ബാധിക്കില്ല, യാത്രക്കാരെ ബാധിക്കും
വിമാനത്താവള സ്വകാര്യവത്കരണം നടക്കുേമ്പാൾ ജീവനക്കാരെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതോറിറ്റിയുടെ 240ഓളം സ്ഥിരം ജീവനക്കാരാണ് കരിപ്പൂരിലുള്ളത്. കൂടാതെ സി.ഐ.എസ്.എഫ് ജീവനക്കാരുമുണ്ട്. സ്വകാര്യവത്കരിച്ചാലും വ്യോമഗതാഗതം, സി.എൻ.എസ്, സി.െഎ.എസ്.എഫ്, കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളെ ബാധിക്കില്ല. ഇവരെ നിലവിലെ നയപ്രകാരം നിലനിർത്തണം. മറ്റു ജീവനക്കാരിൽ താൽപര്യമുള്ളവർക്ക് കരാർ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കാം. താൽപര്യമില്ലാത്തവർക്ക് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിേലക്ക് മാറാം. തുടരുന്ന ജീവനക്കാരുടെ ശമ്പളത്തിനായി യാത്രക്കാരിൽനിന്ന് യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ കരാർ കമ്പനിക്ക് സാധിക്കും. ഈ തുക വിമാനത്താവള അേതാറിറ്റിക്ക് കൈമാറും.
പൊതുമേഖലയിൽ നിലനിർത്തണം –സമദാനി
ആസ്തികൾ സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിെൻറ ക്ഷേമതാൽപര്യങ്ങൾക്ക് ഹാനികരവുമാണ്. മലയാളികളുടെ ഉപജീവന മാർഗത്തിലേക്കുള്ള വാതിലായ കരിപ്പൂരിന് പുരോഗതിയിൽ ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അതിനെല്ലാം സർക്കാറിെൻറ ശ്രദ്ധയും പരിപാലനവും അനിവാര്യമാണ്. ആ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കണം. വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് പൊതുമേഖലയിൽ നിലനിർത്തണം.
സർക്കാർ പിന്തിരിയണം –ഇ.ടി. മുഹമ്മദ് ബഷീർ
വിമാനത്താവളം പാട്ടത്തിന് കൊടുക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യുന്ന നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. പാട്ടത്തിനെടുക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നു. വിമാനത്താവളത്തിെൻറ ഭാവി സാധ്യതകൾക്ക് ഈ നീക്കം ഒട്ടും നല്ലതല്ല. സംസ്ഥാനത്ത് പി.പി.പി മാതൃകയിൽ നിർമിച്ച രണ്ടാമത്തെ വിമാനത്താവളമായ കണ്ണൂർ പ്രവർത്തനം ആരംഭിച്ചിട്ടും കരിപ്പൂർ ഉയർച്ചയുടെ പാതയിലാണ്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് അയച്ചു.
പ്രവാസികളെ ബാധിക്കും –എ.െഎ.വൈ.എഫ്
മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. സമദ് പറഞ്ഞു. എല്ലാ കക്ഷികളും ഉൾെക്കാള്ളുന്ന പൊതുവേദി രൂപവത്കരിച്ച് ഇക്കാര്യത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്തണം. രാജ്യത്തെ വിറ്റ് തുലക്കുന്ന സംഘ്പരിവാർ നയത്തെ എന്ത് വില കൊടുത്തും ചെറുത്തുതോൽപിക്കണം. ഈ നയത്തിെൻറ ഭാഗമാണ് കരിപ്പൂരടക്കം മാർക്കറ്റിൽ വിൽപനക്ക് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെറുത്ത് തോൽപ്പിക്കണം –ടി.വി. ഇബ്രാഹീം
ഗൂഢശ്രമം ചെറുത്ത് തോൽപിക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ പറഞ്ഞു. എല്ലാം വിറ്റ് സ്വകാര്യ കുത്തകകൾക്ക് അടിയറവെക്കുന്ന ബി.ജെ.പി സർക്കാറിെൻറ തെറ്റായ നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത് കരിപ്പൂർ വികസനത്തെ പ്രതികൂലമായി ബാധിക്കും. പ്രവാസികളിൽ നിന്ന് മഡാക്ക് വഴി ധനസമാഹരണം നടത്തിയും പിരിവെടുത്തും കൂടിയാണ് ഈ വിമാനത്താവളം യാഥാർഥ്യമാക്കിയത്. ഇതിനെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കാൻ നേതൃത്വം കൊടുക്കുമെന്നും എൽ.എൽ.എ പറഞ്ഞു.
സംഘടിത കൊള്ള –പി.വി. ശോഭൻ -സെക്രട്ടറി, എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ)
തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറിയതിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് യൂനിയൻ നൽകിയ പരാതി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ യൂനിയൻ ഉന്നയിച്ച രേഖാമൂലമുള്ള ആക്ഷേപങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കരിപ്പൂർ ഉൾപ്പെടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കത്തെ അപലപിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തുൾപ്പെടെയുള്ള ആസ്തികളുടെ അടിസ്ഥാന വില പുനർനിശ്ചയിക്കാതെ തുച്ഛവിലയ്ക്ക് സ്വകാര്യമേഖലക്ക് കൈമാറുന്നതിനെ മൻമോഹൻ സിങ് വിശേഷിപ്പിച്ചത് പോലെ 'സംഘടിതകൊള്ള' എേന്ന വിശേഷിപ്പിക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.