കൂരാച്ചുണ്ട്: തെരുവുവിളക്കുകൾ കണ്ണടച്ചതോടെ കൂരാച്ചുണ്ട് അങ്ങാടി കൂരിരുട്ടിലായി. രണ്ട് മാസത്തിനുള്ളിൽ മാറ്റിയ ബൾബുകളാണ് കേടുവന്നത്. അത്യോടി പള്ളിമുതൽ മേലെ അങ്ങാടിവരെയുള്ള സ്ഥലങ്ങളിലൊന്നും തെരുവുവിളക്കുകൾ കത്തുന്നില്ല. അങ്ങാടി ജങ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിരിക്കുകയാണ്. കച്ചവടസ്ഥാപനങ്ങളെല്ലാം അടച്ചുകഴിഞ്ഞാൽ അങ്ങാടി പൂർണമായും ഇരുട്ടിലാണ്. ഉത്തരവാദിത്തമില്ലാത്ത കമ്പനികൾക്ക് കരാർ കൊടുത്തതാണ് ബൾബുകൾ നശിക്കാൻ കാരണമെന്ന് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. ഗുണനിലവാരം കുറഞ്ഞ തെരുവുവിളക്കുകളാണ് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചത്. പോക്കറ്റ് റോഡുകളിൽ മാസങ്ങൾക്കുമുമ്പ് കത്താതായ ബൾബുകൾ മാറ്റിസ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾക്ക് മാത്രം ഗ്രാമപഞ്ചായത്ത് ഒരു ലക്ഷത്തിൽപരം രൂപ കെ.എസ്.ഇ.ബിക്ക് അടക്കുന്നുണ്ട്. ഇതിന്റെ ഗുണം പൊതുജനത്തിന് ലഭിക്കുന്നില്ല. കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും കത്താത്ത ബൾബുകൾ ഉടൻ മാറ്റിസ്ഥാപിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, ജോയി പനക്കവയൽ, എം. വിനു, ഗോപിനാഥൻ, പ്രവീൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.