കോഴിക്കോട്: സെക്കൻഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കിപ്പണിത ലേബർ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, ട്രാൻസ്ഫോർമർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു. കോട്ടപ്പറമ്പ് ആശുപത്രി സർക്കാർ മാനദണ്ഡത്തിന്റെ 90 ശതമാനത്തിലധികം സ്കോർ നേടി മാതൃ-ശിശു സൗഹൃദ നിലവാരത്തിലെത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. വന്ധ്യത ചികിത്സ കേന്ദ്രം ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. നിപ ഉൾപ്പെടെയുള്ള മഹാമാരികൾക്കു മുന്നിൽ കരുത്തോടെ പ്രവർത്തിച്ച് മരണത്തിനു കീഴടങ്ങിയ ലിനി അടക്കമുള്ള എല്ലാ നഴ്സുമാരെയും മന്ത്രി അനുസ്മരിച്ചു.
നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി, നാഷനൽ ഹെൽത്ത് മിഷൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിലെ മൂന്ന് പ്രവൃത്തികളും പൂർത്തീകരിച്ചത്. ലേബർ റൂം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയാണ് എൻ.എച്ച്.എം ആർ.ഒ.പി പദ്ധതി പ്രകാരം അനുവദിച്ചിരുന്നത്.
എച്ച്.എൻ.എൽ ലൈഫ് കെയർ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. ശിശുരോഗ വിഭാഗം അത്യാഹിത വിഭാഗം നിർമാണത്തിനായി എൻ.എച്ച്.എം ഇ.സി.ആർ.പി 11 പദ്ധതി പ്രകാരം 1.8 കോടി രൂപയാണ് വകയിരുത്തിയത്. നിലവിൽ ആറു കിടക്കകളാണ് അത്യാഹിത വിഭാഗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി.ആർ. രാജു റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എൻ.കെ.കെ.പി നോഡൽ ഓഫിസർ ഡോ. സി.കെ. ഷാജി, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അബ്ബാസ് നന്ദിയും പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡപ്രകാരം പുതുക്കിപ്പണിത ലേബർ റൂം, ശിശുരോഗ വിഭാഗം, ഐ.സി.യു, 400 കെ.വി.എ ട്രാൻസ്ഫോമർ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.