ഫറോക്ക്: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു. ഇന്ത്യ, റഷ്യ, ആസ്ട്രേലിയ, സിംഗപ്പൂര്‍, ജർമനി, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നൂറോളം ആളുകളാണ് മൂന്നുദിവസത്തെ യാത്രയില്‍ പങ്കെടുത്തത്. എട്ടുപേര്‍ വനിതകളായിരുന്നു. 13 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവിനായര്‍ ഷാഫിയുമാണ് സംഘത്തിലെ പ്രായം കുറഞ്ഞവര്‍. 80കാരനും ജർമന്‍ സ്വദേശിയുമായ കാള്‍ ഡംഷനാണ് പ്രായംകൂടിയയാള്‍. ചാലിയാറിലൂടെ സംഘം 68 കി.മീ. സഞ്ചരിച്ചു.
പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവാണ് യാത്ര നയിച്ചത്. ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ശ്വേത ഷെര്‍വെഗറും പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം വകുപ്പ്, ഡെക്കാത്തലോണ്‍, യോലോ, പാരഗണ്‍ റസ്റ്റാറന്റ്, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദം പ്രോത്സാഹിപ്പിക്കാനുമാണ് യാത്ര. മൂന്നുദിവസങ്ങളിലായി പുഴയില്‍നിന്ന് 1350 കിലോഗ്രാം മാലിന്യമാണ് സംഘം ശേഖരിച്ചത്. ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണത്തിന് അയക്കുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. യാത്ര വെള്ളിയാഴ്ചയാണ് നിലമ്പൂരില്‍നിന്ന് ആരംഭിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിച്ചു. മണക്കടവില്‍ ആശംസ നേരാന്‍ ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എത്തിയിരുന്നു. സമാപന സമ്മേളനത്തില്‍ റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവ്, ഇന്ത്യന്‍ സെയിലിങ് താരം ശ്വേത ഷെര്‍വെഗര്‍, ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, ജനറല്‍ മാനേജര്‍ സുബി ബോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.