ജെൻഡർ പഠനം നടപ്പാക്കുന്ന ആദ്യ ജില്ല പഞ്ചായത്തായി കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ജെൻഡർ പഠനം ഏറ്റെടുത്ത് നടപ്പാക്കുന്ന ജില്ല പഞ്ചായത്തായി കോഴിക്കോട്. സ്ത്രീകളുടെയും കുട്ടികളുടെയും സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് 14ാം പദ്ധതിക്കാലത്ത് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മുപ്പതംഗ അക്കാദമിക് പഠനസംഘവും ജെൻഡർ റിസോഴ്സ് സെന്‍റർ സംവിധാനവും നിലവിൽ വരുത്തുന്ന പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി വാർഷിക പദ്ധതിയുടെ വികസന സെമിനാറിൽ വിശദീകരിച്ചു.

സമഗ്ര ജെൻഡർ വികസനത്തിന്‍റെ ഭാഗമായി ‘കില’യുമായി ചേർന്ന് പദ്ധതികൾക്ക് രൂപം നൽകുന്നുണ്ട്. ജില്ലതലത്തിൽ റിസോഴ്സ് സെന്‍റർ രൂപവത്കരിച്ചിട്ടുണ്ട്. ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജെൻഡർ കാഴ്ചപ്പാടിൽ പൊതുസമൂഹത്തിൽ കൂടുതൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും സെമിനാർ വിലയിരുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ എം.എൽ.എ അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്‌ഘാടനം നിർവഹിച്ചു. ‘വൺ വർക്കിങ് ഗ്രൂപ് വൺ ഐഡിയ’ എന്ന തരത്തിലാണ് വികസന സെമിനാറിൽ ആശയ രൂപവത്കരണം നടത്തിയത്.

ജില്ല പഞ്ചായത്തിന്‍റെ തനതു വരുമാനം വർധിപ്പിക്കുന്ന വിധത്തിൽ ഫാമുകളിൽ നൂതന കൃഷി സംവിധാനം നടപ്പിൽ വരുത്താനും ജില്ല പഞ്ചായത്തും ഘടക സ്ഥാപനങ്ങളും കടലാസ് രഹിതമാക്കുന്നതിന്‍റെ ഭാഗമായി ഫയലുകളുടെ നീക്കം ഓൺലൈൻ ആക്കുന്നതിനുള്ള പദ്ധതിയും ഫാം ടൂറിസം വിപുലീകരണം, കൃഷിയിടങ്ങളിൽ സമഗ്ര മെക്കനൈസേഷൻ പദ്ധതി, കർഷക കൂട്ടായ്മയിലൂടെ മൂല്യവർധിത ഉൽപന്നങ്ങളുടെ സംരംഭം ആരംഭിക്കൽ, ജില്ലയെ തരിശുരഹിത ജില്ലയാക്കൽ, മൂന്നു പഞ്ചായത്തുകളിൽ പുതിയ എ.ബി.സി സെന്‍റർ, സെൻസറി പാർക്ക് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പുനരധിവാസത്തിനുമായി പ്രത്യേക പദ്ധതിയുമെല്ലാം അടുത്ത വർഷത്തേക്ക് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളിൽ ഉൾപ്പെടും.

മാനസിക രോഗമുക്തരായവരുടെ പുനരധിവാസം, വയോജന നയത്തിന്‍റെ ഭാഗമായി ജെറിയാട്രിക് വാർഡുകൾ പൂർത്തീകരിക്കൽ, ജില്ലയിലെ വിദ്യാർഥികൾക്ക് സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നതിനാവശ്യമായ പരിശീലനം നൽകൽ, സമഗ്ര കാർബൺ ന്യൂട്രൽ വിപുലീകരണം, കൃഷിയിടങ്ങളിൽ സമഗ്ര മെക്കനൈസേഷൻ പദ്ധതി, കർഷക കൂട്ടായ്മയിലൂടെ മൂല്യവർധിത ഉൽപന്നങ്ങളുടെ സംരംഭം ആരംഭിക്കൽ, കണ്ടൽ കാടുകൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ, ജൈവ വൈവിധ്യ രജിസ്റ്റർ ജില്ലാതലത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ എന്നിവയെല്ലാം സെമിനാറിൽ പ്രധാന നിർദേശങ്ങളായി ഉയർന്നുവന്നു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല കരട് വികസന രേഖ അവതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കെ.വി. റീന, എൻ.എം. വിമല, പി. സുരേന്ദ്രൻ, എം.പി. ശിവാനന്ദൻ, എൻ.പി. ബാബു, പി.ജി. ജോർജ് മാസ്റ്റർ, വി.പി. മുഹമ്മദലി, കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ, മുക്കം മുഹമ്മദ്, ഐ.പി. രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ. പി. ഗവാസ്, സുധാകരൻ, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ ചർച്ചയുടെ ക്രോഡീകരണം നിർവഹിച്ചു.

Tags:    
News Summary - Kozhikode became the first district panchayat to implement gender studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.