കോഴിക്കോട്: മഴമാറിയ രാത്രിയുണ്ടായ തീപിടിത്തം കേട്ടറിഞ്ഞ് ഫ്രാൻസിസ് റോഡ് ജങ്ഷനിലും മേൽപ്പാലത്തിലും തടിച്ചുകൂടിയത് വൻ ജനകൂട്ടം. രക്ഷാപ്രവർത്തനത്തിനും കാഴ്ചക്കാരുമായി ആളുകൾ ഒഴുകിയതോടെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ കാറ്റിൽ പറന്നു. പലതവണ പൊലീസിന് ജനകൂട്ടത്തെ നിയന്ത്രിക്കാൻ ഇടപെടേണ്ടിവന്നു. പുഷ്പ ജങ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും ഫ്രാൻസിസ് റോഡിലേക്കുമുള്ള ഗതാഗതം പൂർണമായി പൊലീസ് തടഞ്ഞു.
സൗത് അസി. കമ്മീഷ്ണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിൽ വൻ പൊലീസെത്തി. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ പന്നിയങ്കര, കുറ്റിച്ചിറ തുടങ്ങിയ വാർഡുകളോട് ചേർന്നായിരുന്നു തീപിടിത്തം. മണിക്കൂറുകൾ നഗരത്തെ ആശങ്കയിലാക്കിയ മൂന്ന് നില കെട്ടിടത്തിലെ അഗ്നി ഏറെ പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണത്തിലായത്. തൊട്ടടുത്ത് കിടന്ന നിരവധി വീടുകളിൽ താമസക്കാരെ പൊലീസും ഫയർഫോഴ്സും പുറത്തെത്തിക്കുകയായിരുന്നു. പലതവണ നിയന്ത്രണ വിധേയമെന്ന് തോന്നിയെങ്കിലും പെട്ടെന്ന് ആളിപ്പടർന്നു.
റെയിൻ കോട്ടും മറ്റുമായി പ്ലാസ്റ്റിക്കുകൾക്ക് തീപിടിച്ച് കറുത്ത പുക മൂടി തീയാളിയതോടെയാണ് കൂടുതൽ ഫയർേഫഫോഴ്സ് എത്തിയത്. കെട്ടിടത്തിന് തൊട്ടടുത്ത് വീടിന് മുകളിൽ കയറി വെള്ളം പമ്പ് ചെയ്തതോടെയാണ് ശമനമുണ്ടായത്. മേൽപാലത്തിന് മുകളിലും താഴെയുമായി വാഹനങ്ങൾ നിർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രഥമ അന്വേഷണത്തില്‍ പത്ത് ലക്ഷത്തില്‍പരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അപകടകാരണം വ്യക്തമല്ല. കടയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തിയതെന്നും പരിശോധനകള്‍ നടത്തുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.