കോഴിക്കോട്: കനത്തമഴയില്‍ നഗരം വെള്ളക്കെട്ടിലായി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം കയറാത്ത സ്ഥലങ്ങളിലടക്കം ദുരിതമായിരുന്നു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
മാവൂര്‍ റോഡ് ജങ്ഷൻ, കെ.എസ്.ആർ.ടി.സി, മിഠായിത്തെരുവ്, സ്റ്റേഡിയം ജങ്ഷൻ, രാജാജിറോഡ്, കോട്ടൂളി, പൊറ്റമ്മല്‍ എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലും വെള്ളം കയറി. ചെറിയ റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ വാഹനങ്ങളെല്ലാം പ്രധാന റോഡുകളിലേക്ക് പ്രവേശിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. സൈലന്‍സറിലും എൻജിനിലും വെള്ളം കയറി പല വാഹനങ്ങളും നിന്നുപോയി. മിനി ബൈപാസില്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മുതല്‍ സരോവരം വരെ റോഡില്‍ വെള്ളം നിറഞ്ഞു. 11 മണിയോടെ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും 12ഓടെ വീണ്ടും കനത്തു. പിന്നീട് മൂന്ന് മണിക്ക് ശേഷമാണ് അല്പം ശമനമായത്.
ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു
ചൊവ്വാഴ്ച രാവിലെ എട്ടോടെ നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. പ്രധാന ജങ്ഷനുകളിലെല്ലാം കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങളുടെ നിരയും വലിയ വെള്ളക്കെട്ടും. രാവിലെ ജോലിക്കായി ഇറങ്ങിയവരടക്കം മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ബൈപാസില്‍ പൂളാടിക്കുന്ന് ജങ്ഷൻ മുതല്‍ തൊണ്ടയാട് വരെ ഗതാഗതം നിലച്ചു.
മാവൂര്‍ റോഡില്‍ അരയിടത്ത് പാലം മുതല്‍ കെ.എസ്.ആര്.ടി.സി വരെ നാല് മണിക്കൂറാണ് ഗതാഗതം സ്തംഭിച്ചത്. തൊണ്ടയാട് ജങ്ഷൻ മുതല്‍ പൊറ്റമ്മല്‍, കോട്ടൂളി റോഡില്‍ വെള്ളം കയറി.മാവൂര്‍ റോഡില്‍ ഗതാഗക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പൊറ്റമ്മലില്നിന്നുള്ള വാഹനങ്ങള്‍ കുതിരവട്ടം റോഡിലൂടെ തിരിച്ചുവിട്ടു.
നഗരത്തില്‍ പലയിടത്തും ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി. വുഡ്ലാൻഡ് ജങ്ഷൻ മുതല്‍ പാളയത്തേക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. കരിക്കാംകുളം, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലും സമാന സ്ഥിതിയായിരുന്നു. എരഞ്ഞിപ്പാലം, മലാപ്പറമ്പ് ജങ്ഷനുകളിലും തടസ്സം നേരിട്ടു. മാവൂര്‍ റോഡിലും പുതിയ സ്റ്റാൻഡ് പരിസരങ്ങളിലും ഓടകളും മറ്റും അടുത്തകാലത്താണ് വൃത്തിയാക്കിയത്. എന്നാല്‍, ഈ ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടാണുണ്ടായത്. കാല്‍നടയാത്രക്കാരും ദുരിതത്തിലായി. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പ്രയാസപ്പെട്ടു. വാഹനങ്ങളുമായി അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സിറ്റി പൊലീസ് അറിയിപ്പും നല്കി. സമൂഹമാധ്യമങ്ങളിലൂടെ പലരും ഇത് പങ്കുവെച്ചു.
കടകളില്‍ വെള്ളം കയറി വ്യാപക നാശം
നഗരത്തിലെ നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. മിഠായിത്തെരുവില്‍ ജനകീയവസ്ത്രാലയത്തോട് ചേര്‍ന്ന് പത്തോളം തുണിക്കടകളിലാണ് വെള്ളം കയറിയത്.റോഡിനേക്കാള്‍ താഴ്ചയിലായിരുന്ന കടകളിലേക്ക് തിങ്കളാഴ്ച രാത്രി മുതല്‍ വെള്ളം കുത്തിയൊഴുകി. നിലത്ത് സൂക്ഷിച്ച വസ്ത്രങ്ങളെല്ലാം നശിച്ചു.
രാവിലെ 10 മണിയോടെ ബീച്ച് അഗ്നിരക്ഷാസേനയെത്തിയാണ് കടകളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയത്. തൊഴിലാളികളും വിവിധ യൂനിയന്‍ അംഗങ്ങളും ചേര്‍ന്ന് കടകള്‍ വൃത്തിയാക്കി. മാവൂര്‍ റോഡിലും ഇതേ സ്ഥിതിയായിരുന്നു. ക്രമാതീതമായി വെള്ളം ഉയര്‍ന്നതോടെ പലരും കടകളടച്ചു.
മൂന്നു മണിയോടെ മഴക്ക് ചെറിയ ശമനമുണ്ടായതോടെ വെള്ളക്കെട്ട് ചെറുതായി ഒഴിഞ്ഞു. ഇതോടെ ചില കടകള്‍ തുറന്നു. ജാഫര്‍ഖാന്‍ കോളനി റോഡിലും സമാന സ്ഥിതിയായിരുന്നു.
വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി
നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ മുന്‍കരുതലായി വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ചെറൂട്ടി നഗര്‍, ജാഫർഖാന്‍ കോളനി, പണിക്കര്‍ റോഡ്, കുന്നുമ്മല്‍, നടക്കാവ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേയും വീടുകളിലേയും വൈദ്യുതി ചൊവ്വാഴ്ച രാവിലെയോടെ വിച്ഛേദിച്ചു. മീറ്ററുകളും ഉയര്‍ത്തി സ്ഥാപിച്ചു. നടക്കാവിലെ ഇൻഡസ്ട്രിയല്‍ ഡെവലപ്മെൻറ് എസ്റ്റേറ്റ്, വ്യാപാരഭവന് എന്നിവിടങ്ങില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രാന്‍ഫോമറുകളും ഓഫാക്കി. വെള്ളം താഴ്ന്നാല്‍ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.