കോഴിക്കോട്: ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് പരിഗണന നൽകി ജില്ല പഞ്ചായത്തിന്‍റെ 2022 -23 വർഷ ബജറ്റ് വൈസ് പ്രസിഡന്‍റ് എം.പി. ശിവാനന്ദന്‍ ബജറ്റ് അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ ജില്ല പഞ്ചായത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണംചെയ്ത് നവകേരള സൃഷ്ടി ലക്ഷ്യമാക്കിയാണ് 2022-23 വര്‍ഷത്തെ ബജറ്റ് തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്‍റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റാണെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. അതേസമയം, നിലവിലുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച തരിശുരഹിത ജില്ല എന്ന ലക്ഷ്യത്തോടെയുള്ള കതിരണി പദ്ധതി കൂടുതൽ വിപുലമാക്കുന്നതിനായി 6.45 കോടി രൂപയാണ് വകയിരുത്തിയത്.
ക്ഷീരവികസനത്തിനായി 3.25 കോടിയും മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കിയ മുട്ടഗ്രാമം, കോഴിവളർത്തൽ, പോത്തുക്കുട്ടി വളർത്തൽ തുടങ്ങിയ പദ്ധതികൾക്കായി 5.07 കോടിയും വകയിരുത്തി.
ട്രാൻസ്ജെൻഡർ വിഭാഗം, ടൂറിസം മേഖല, യുവജനക്ഷേമം, കായിക, കല സാംസ്കാരിക മേഖലകൾ, അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയ വിഭാഗങ്ങൾക്ക് നാമമാത്രമായ തുകയാണ് വകയിരുത്തിയത്.
ആദ്യമായി ബജറ്റിൽ സ്ഥാനം നൽകിയ ട്രാൻസ്ജെൻഡർ വിഭാഗത്തിന് 10 ലക്ഷം രൂപയാണ് നീക്കിയിരിപ്പ് നൽകിയത്. ട്രാൻസ്ജെൻഡേഴ്സിനെ പൊതുധാരയിലേക്ക് എത്തിക്കുന്നതിനായുള്ള പദ്ധതിയാണ് നടപ്പാക്കുകയെന്ന് വൈസ് പ്രസിഡന്‍റ് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ടൂറിസം പ്രോത്സാഹനത്തിനായി അഞ്ചുലക്ഷം രൂപ, യുവജനക്ഷേമത്തിനായി ഏഴു ലക്ഷം, കായിക മേഖലക്കായി 25 ലക്ഷം, കല സാംസ്കാരിക മേഖലക്കായി 30 ലക്ഷം, മത്സ്യബന്ധന മേഖലയുടെ വികസനത്തിനും ടൂറിസത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി 32 ലക്ഷം, അതിദാരിദ്യ നിർമാർജനത്തിനായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് നീക്കിയിരിപ്പ്.
യുവജനങ്ങളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരളോത്സവം ഈ വർഷം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
118.16 കോടിയാണ് ജില്ല പഞ്ചായത്തിന്‍റെ 2022 -23 വര്‍ഷത്തെ പ്രതീക്ഷിത വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടരക്കോടി രൂപയുടെ കുറവാണ് ഇത്തവണത്തേത്. 2021 -22 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു.
പോയവര്‍ഷത്തെ ആകെ വരവ് 162.63 കോടിയും ചെലവ് 147 കോടിയുമാണ്. 2022 -23 വര്‍ഷം 129.96 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. 15.62 കോടി രൂപയാണ് നിലവില്‍ നീക്കിയിരിപ്പ്.
കോഴിക്കോട്: ജില്ല പഞ്ചായത്ത് ബജറ്റ് ചർച്ചയിൽ ഉയർന്നു കേട്ടത് കെ -റെയിൽ വാദപ്രതിവാദങ്ങൾ. കെ-റെയിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബജറ്റ് വേളയിൽ സംസാരിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയത് നാസർ എസ്റ്റേറ്റ്മുക്കായിരുന്നു.
കഴിഞ്ഞ വർഷത്തെ തനിയാവർത്തന ബജറ്റാണെന്ന് പറഞ്ഞ അദ്ദേഹം ബജറ്റ് വാചക കസർത്ത് മാത്രമാണെന്ന് ആരോപിച്ചു. പിന്നീട്, അഡ്വ. പി. ഗവാസാണ് കെ -റെയിൽ ചർച്ചയിലേക്ക് വഴി തിരിച്ചുവിട്ടത്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന വികസനമാണ് സംസ്ഥാന സർക്കാറിന്‍റെതെന്ന് പറഞ്ഞ അദ്ദേഹം കെ-റെയിലിനെ പിന്താങ്ങുകയും ചെയ്തു. കെ-റെയിലിൽ പാർട്ടി നിലപാട് തന്നെയാണോ ഗവാസിനെന്ന് ഷറഫുന്നിസ ചോദിച്ചു. പി.പി. പ്രേമിയാകട്ടെ ബജറ്റെല്ലാം മറന്ന് കെ-റെയിൽ എന്തുകൊണ്ട് വരണം എന്നതിന് വിശദീകരണമായിരുന്നു നൽകിയത്. ഇത് കെ -റെയിൽ ചർച്ചയല്ലെന്നും ജില്ല പഞ്ചായത്ത് ബജറ്റാണെന്നും ധനീഷ് ലാൽ അവരെ ഓർമിപ്പിച്ചു.
മുക്കം മുഹമ്മദ്, സുരേഷ് മാസ്റ്റര്‍, രാജീവ് പെരുമണ്‍ പുറ, സി.എം. യശോദ, ധനീഷ് ലാല്‍, സി.വി.എം. നജ്മ, അംബിക മംഗലത്ത്, കെ.പി. ചന്ദ്രി, ഗോപാലന്‍ നായര്‍, ബോസ് ജേക്കബ്, ഷറഫുന്നീസ ടീച്ചര്‍, ദുല്‍ഖി ഫില്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
മറുപടി പ്രസംഗം ആരംഭിച്ച വൈസ് പ്രസിഡന്‍റ് കെ-റെയിൽ ചർച്ച കേട്ട് താൻ നിയമസഭയിലോ എന്നു ഒരുനിമിഷം സംശയിച്ചുവെന്നു പറഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. അംഗങ്ങൾ പറഞ്ഞ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുമെന്നും വ്യക്തമായ പദ്ധതികൾ രൂപവത്കരിക്കുന്നതിന് സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമകാര്യസമിതി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൻ എൻ.എം. വിമല, വികസനകാര്യസമിതി ചെയര്‍പേഴ്സൻ വി.പി. ജമീല, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്ലളത്ത് തുടങ്ങിയ വ്യവസായ എസ്റ്റേറ്റ് പോലെ മൂടാടിയിൽ വനിത എസ്റ്റേറ്റ് ആരംഭിക്കും. വ്യവസായ മേഖലക്ക് 3.25 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.