കോഴിക്കോട്: വ്യാപാരികളുടെ എല്ലാ പരിഭവങ്ങളും മാറ്റി പെരുന്നാൾ കച്ചവടം. പെരുന്നാൾ അടുക്കുന്തോറും കച്ചവടം പൊടിപൊടിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി നാട്ടിൻപുറം നഗരത്തിലേക്കൊഴുകുന്നു. നൈറ്റ് ഷോപ്പിങ് ജോറാണ്. ചെറിയ പെരുന്നാളാണ് വരുന്നതെങ്കിലും കച്ചവടക്കാർക്കിത് 'വല്യപെരുന്നാൾ'.
വിഷു-ഈസ്റ്റർ-പെരുന്നാൾ സീസണുകൾ ഒരുമിച്ചുവന്നത് വിപണിയിൽ അസാധാരണ ഉണർവാണുണ്ടാക്കിയത്. പ്രത്യേകിച്ച്, തുണിവ്യാപാരമേഖല കോവിഡിന് മുമ്പത്തെ അവസ്ഥയിലേക്കെത്തി. 700ഓളം ദിവസം കച്ചവടം മുടങ്ങിയ അപൂർവ പ്രതിസന്ധികാലമായിരുന്നു വ്യാപാരികളുടെ നടുവൊടിച്ചിരുന്നത്. ഇത്തവണ പക്ഷേ, എല്ലാം ശുഭം. ഉത്സവ സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് നിറച്ചവർക്കെല്ലാം പെട്ടി നിറഞ്ഞു.
കോഴിക്കോട് മിഠായിത്തെരുവ് പഴയപ്രതാപം വീണ്ടെടുത്തു. രാപ്പകൽ ഒരുപോലെ തിരക്ക്. തെരുവിൽ മാത്രമല്ല, ജനം. കടകൾ നിറച്ചും ഉപഭോക്താക്കളാണ്. രാത്രി പതിനൊന്നുവരെ കച്ചവടം ഉഷാർ. സ്ത്രീകളും കുട്ടികളും നൈറ്റ് ഷോപ്പിങ്ങിൽ സജീവം. രാത്രി വൈകിയും സ്ത്രീകൾ ഒറ്റക്ക് ഷോപ്പിങ് കഴിഞ്ഞ് ഇരുചക്രവാഹനങ്ങളിൽ വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് നഗരത്തിൽ. മിഠായിത്തെരുവിന് സമീപം ഫ്രീക്കൻമാരുടെ തെരുവ് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ നിറയെ ന്യൂജൻ കടകൾ. രാത്രി സൂചികുത്താൻ കഴിയാത്തത്ര തിരക്കാണ് ഈ കടകളിൽ. എല്ലാം കിട്ടുന്ന വൻകിട ഷോപ്പുകളിലൊന്നും ഫ്രീക്കൻമാർക്ക് വലിയ മതിപ്പില്ല. അവർക്ക് അവരുടേതായ കടകളിൽതന്നെ പോണം. അവിടെ സെയിൽസിലും ഫ്രീക്കൻമാർതന്നെ.
ഇത്തവണ വിഷുവിന് ട്രെൻഡായത് ജീൻസും ടീ ഷർട്ടും. പെൺകുട്ടികളാണ് ഈ ട്രെൻഡ് സൃഷ്ടിച്ചത്. പെരുന്നാളിന് പക്ഷേ, ഇതിൽ മാറ്റമുണ്ട്. സ്ത്രീകളുടെ തിരക്കാണ് എല്ലായിടത്തും. ചുരിദാറിന് പുറമെ ഫാഷൻ മിഡികളും ഓവർകോട്ടുകളും നീളം കുടിയ വസ്ത്രങ്ങളുമാണ് പുതിയ ട്രെൻഡ്. പാദരക്ഷകളും ഫാൻസി ഐറ്റങ്ങളും ഇതോടൊപ്പം മാറുന്നു. തുണിത്തരങ്ങൾക്ക് വലിയ തോതിലുള്ള വിലക്കയറ്റമില്ല എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.