കോഴിക്കോട്: പിതാക്കന്മാരുടെ വഴി നടക്കുന്ന മക്കളാണ് കോഴിക്കോടിെൻറ നിയുക്ത മേയറും ഡെപ്യൂട്ടി മേയറും. രണ്ടുപേരുടെയും രാഷ്ട്രീയ ഗുരുക്കന്മാർ പിതാക്കന്മാരാണ്. തൃശൂർ വെള്ളികുളങ്ങരയിൽനിന്ന് കോഴിക്കോട് വന്ന് മേയറാവാൻ നിയോഗിക്കപ്പെട്ടയാളാണ് ഡോ. ബീന ഫിലിപ്പ്.
തൃശൂർ വെള്ളികുളങ്ങരയിൽ പാർട്ടി കെട്ടിപ്പടുത്ത മന്താനത്ത് ഫിലിപ്പിെൻറയും മലപ്പുറം സ്വദേശി സാറയുടെയും മകൾ. മലപ്പുറത്തും തൃശൂരും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രീഡിഗ്രി പഠിക്കുന്നതിനായി കോഴിക്കോട് ക്രിസ്ത്യൻ കോളജിലേക്കു വന്നു. പ്രോവിഡൻസ് കോളജിൽ ബിരുദം. പി.ജി പ്രൈവറ്റായി പൂർത്തിയാക്കുകയും മൈസൂർ റീജനൽ കോളജ് ഓഫ് എജുക്കേഷനിൽനിന്ന് ബി.എഡ് എടുക്കുകയും ചെയ്തു.
കണ്ണൂർ സർവകലാശാലയിൽനിന്ന് ലേണർ ഓട്ടോണമി ആൻഡ് കൺസ്ട്രക്ടിവിസം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തു. തുടർന്ന് ഗുജറാത്തി സ്കൂളിൽ അധ്യാപികയായി ജോലി തുടങ്ങി. 1982ൽ പി.എസ്.സി വഴി അധ്യാപികയായി ജോലി ലഭിച്ചു. ബേപ്പൂർ ഫിഷറീസ് സ്കൂളിലാണ് ജോലി ആരംഭിച്ചത്. കിണാശ്ശേരി, ആഴ്ചവട്ടം, പറയഞ്ചേരി, പാലാഴി സ്കൂളുകളിൽ പഠിപ്പിച്ചു. അതിനിടെ ബംഗളൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഇംഗ്ലീഷ് ടീച്ചിങ് കോഴ്സ് ഒന്നാം റാങ്കോടെ പാസായി.
തുടർന്ന് കൊട്ടാരം റോഡിലെ ഇ.എൽ.ടി സെൻററിൽ അധ്യാപകർക്ക് ക്ലാസെടുക്കാനായി ജോലി കിട്ടി. പിന്നീട് ഹയർ െസക്കൻഡറി വന്നതോടെ എറണാകുളത്തേക്കു മാറി. പിന്നീട് മാവൂർ സ്കൂൾ, മെഡിക്കൽ കോളജ് കാമ്പസ്, മോഡൽ സ്കൂൾ, ആഴ്ചവട്ടം, നടക്കാവ് സ്കൂളുകളിൽ പ്രവർത്തിച്ചു. 2014ൽ പ്രിൻസിപ്പലായി വിരമിച്ചു.
പ്രോവിഡൻസ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് തുടങ്ങി രാഷ്ട്രീയപ്രവർത്തനം നടത്തി. എന്നാൽ, പിന്നീട് മുഴുവൻ സമയ അക്കാദമിക ജീവിതമായിരുന്നു. 1983ൽ അഡ്വ. വിക്ടർ ആൻറണി നൂണുമായി വിവാഹം. മകൾ മഞ്ജുള സുകുമാരിയും മകൻ അരവിന്ദ് പോളും അമേരിക്കയിലാണ്. വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
പോരാട്ടം ഈ ജീവിതം
സി.പി. കുഞ്ഞുവെന്ന വലിയ രാഷ്ട്രീയനേതാവിെൻറയും എം.എം. കദീശബിയുടെയും മകനാണ് മുസാഫർ അഹമ്മദ് എന്ന ഡെപ്യൂട്ടി മേയർ. കോർപറേഷൻ കൗൺസിലിൽ പാർട്ടി നേതാവായിരുന്നു സി.പി. കുഞ്ഞു. രണ്ടു തവണ കൗൺസിലറായിട്ടുണ്ട്. ഒരു തവണ എം.എൽ.എയുമായി. തെൻറ 90ാം വയസ്സിൽ മകൻ ഡെപ്യൂട്ടി മേയറാകുന്നത് കാണാൻ സാധിച്ചതാണ് ഏറ്റവും സന്തോഷമെന്ന് സി.പി. കുഞ്ഞു പറഞ്ഞു.
പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗം, വഖഫ് ബോർഡ് അംഗം, മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ ജനസേവനം ചെയ്ത സി.പി. കുഞ്ഞു ഇപ്പോഴും പാർട്ടി അംഗമാണ്.സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്ന പിതാവിനെ കണ്ടാണ് പാർട്ടിപ്രവർത്തനങ്ങളിലേക്ക് വരുന്നതെന്ന് മുസാഫർ പറഞ്ഞു.
12 വയസ്സുമുതൽ രാഷ്ട്രീയ പ്രവർത്തനത്തിലുണ്ട്. എം.എം ഹൈസ്കൂളിലും ക്രിസ്ത്യൻ കോളജിലുമായാണ് പഠനം. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ സ്വകാര്യ പോളിടെക്നിക്കിനെതിരായ സമരത്തിൽ കുട്ടികളുടെ ജയിലിൽ മൂന്നു ദിവസം കിടന്നിരുന്നു. പിന്നീട് ഇതുവരെ പല വർഷങ്ങളിലായി 15 തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് കോർപ്പറേഷൻ കൗൺസിലറാകുന്നത്. സി.പി.എമ്മിെൻറ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി 10 വർഷം പ്രവർത്തിച്ചു. സൗത്ത് ഏരിയ സെക്രട്ടറിയായി 10 വർഷവും ജില്ല കമ്മിറ്റി അംഗമായി മൂന്നു വർഷവും പ്രവർത്തിച്ചു. സി.ഐ.ടി.യു കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, മത്സ്യവിതരണ യൂനിയൻ ജില്ല പ്രസിഡൻറ്, യുവസാഹിതി സമാജം ലൈബ്രറി പ്രസിഡൻറ്, അത്ലറ്റിക് അസോസിയേഷൻ ജില്ല പ്രസിഡൻറ്, സ്പോർട്സ് കൗൺസിൽ അംഗം, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടിവ് അംഗം, കോട്ടപ്പറമ്പ് ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ ജൗഹറ കുന്ദമംഗലം എ.യു.പി സ്കൂളിലെ അധ്യാപികയാണ്. മകൾ സഹൃദ വാഗമൺ ഡി.സി കോളജിൽ ബി.ആർക് ഒന്നാം വർഷ വിദ്യാർഥിയും മകൻ മാനവ് സെൻറ് ജോസഫ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.