കോഴിക്കോട്: ഗവ.മെഡിക്കൽ കോളജ് ആശുപത്രി ആരോരുമില്ലാത്തവരുടെ നടതള്ളൽ കേന്ദ്രമായി മാറുന്നു. രോഗികളുടെ ആധിക്യം കാരണം നിന്നുതിരിയാൻ ഇടമില്ലാത്ത ആശുപത്രിയിൽ ആരും തിരിഞ്ഞുനോക്കാതെ ഉപേക്ഷിക്കപ്പെട്ട 30ഓളം രോഗികളാണ് വിവിധ വാർഡുകളിലായി കിടക്കുന്നത്. പരിക്കേറ്റ നിലയിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്നും തെരുവുകളിൽനിന്നും പൊലീസും സന്നദ്ധ പ്രവർത്തകരും 108 ആംബുലൻസ് ഡ്രൈവർമാരും എത്തിക്കുന്നവരാണ് ഇതിൽ ഭൂരിഭാഗവും. കിടത്തിച്ചികിത്സ ആവശ്യമില്ലാത്തവരാണ് ഇതിൽ അധികവും. കൂട്ടിക്കൊണ്ടുപോവാൻ ബന്ധുക്കൾ ഇല്ലാത്തതുകൊണ്ട് ഇവരെ ഡിസ്ചാർജ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.
വാർഡ് ഒന്നിൽ നാല്, വാർഡിൽ മൂന്നിൽ -2, വാർഡ് നാലിൽ-3, അഞ്ചിൽ-1, ഏഴിൽ-4, എട്ടിൽ-മൂന്ന്, 15ൽ -3, 30ൽ -2, എം.ഐ.സി.യു -1, പഴയ കാഷ്വാലിറ്റി- 3 എന്നിങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട രോഗികളുടെ എണ്ണം. മക്കൾ സർക്കാർ ഉദ്യോഗസ്ഥരായവരും വൃദ്ധരും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. രോഗികൾ വിവിധ വാർഡുകളിലായി കിടക്കുന്നതിനാൽ ഇവരെ പരിചരിക്കാനായി നിയമിച്ച ഗ്രേഡ് 2 ജീവനക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇവർക്ക് കൃത്യമായി ഭക്ഷണം കൊടുക്കാനും പരിചരിക്കാനും കഴിയുന്നില്ല. അഗതികൾക്ക് താമസിക്കാനായി ഉദയം ഹോം ഉണ്ടെങ്കിലും അസുഖം പൂർണമായി ഭേദമാവാതെ അവർ കൂട്ടിക്കൊണ്ടുപോവില്ല.
ആശുപത്രി അധികൃതരും സന്നദ്ധ പ്രവർത്തകരും ഏറെ അന്വേഷണത്തിനൊടുവിൽ ബന്ധുക്കളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിട്ടും കൂട്ടിക്കൊണ്ടുപോകാനോ കൂടെനിന്ന് പരിചരിക്കാനോ തയാറാവാത്ത സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഗുരുതര രോഗികൾപോലും കിടത്തിച്ചികിത്സക്ക് കട്ടിൽ ലഭിക്കാതെ വരാന്തകളിൽ നിലത്ത് കിടക്കുമ്പോൾ ഇത്തരം രോഗികൾ ആശുപത്രി ജീവനക്കാർക്ക് ബാധ്യതയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.