കോഴിക്കോട്: കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ ഗവ. മെഡിക്കൽ കോളജിൽ ശുചീകരണ തൊഴിലാളികൾ ജോലിഭാരത്താൽ ദുരിതത്തിൽ.
മെഡിക്കൽ കോളജിലും അനുബന്ധ ആശുപത്രികളിലും ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധിയാവുകയാണ്. രോഗികളെ പരിചരിക്കുന്നവരും വാർഡുകളിലും കുളിമുറികളിലുമടക്കം ശുചീകരണം നടത്തുന്നവരും തളരുകയാണ്. പരാതികളും പ്രയാസങ്ങളും ആരോട് പറയണമെന്നറിയാതെ നിസ്സഹായരാണിന്നിവർ.
ടേർഷറി കാൻസർ സെന്റർ, സൂപ്പർ സ്പെഷാലിറ്റി, ജില്ല കോവിഡ് ആശുപത്രി, പി.എം.ആർ (ഫിസിക്കൽ മെഡിസിൻ ആൻഡ്റിഹാബിലിറ്റേഷൻ) എന്നീ ബ്ലോക്കുകളിലേക്ക് എം.സി.എച്ചിൽ നിയമിച്ചവരെ തന്നെയാണ് ജോലിക്ക് അയക്കുന്നത്.
മെഡിക്കൽ കോളജ് ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന ശുചീകരണ തസ്തികകൾ മാത്രമാണ് ഇപ്പോഴും ഉള്ളതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. പുതിയ കെട്ടിടങ്ങൾ വരുന്നതല്ലാതെ അവിടേക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ലെന്നാണ് പരാതി.
കോവിഡ് ആശുപത്രിയിൽ നിയമിച്ച കോവിഡ് ബ്രിഗേഡുകാരെ പിരിച്ചുവിട്ടതും തിരിച്ചടിയായി. മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൈകാര്യം ചെയ്യുന്ന ഡെത്ത് കെയർ വിഭാഗത്തിൽ പ്രവർത്തിച്ചവരെയും ശുചീകരണ വിഭാഗത്തിലുള്ളവരെയും പിരിച്ചുവിട്ടതോട തൊഴിലാളികൾക്ക് ജോലിഭാരം ഇരട്ടിയായി.
മൂന്ന് ഷിഫ്റ്റിലാണ് ഇവർ ജോലി ചെയ്യുന്നത്. രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെ, 1.30 മുതൽ രാത്രി 7.30 വരെ, 7.30 മുതൽ പിറ്റേദിവസം രാവിലെ 7.30 വരെ എന്നിങ്ങനെയാണ് ജോലി ക്രമീകരണം. തൊഴിലാളികളുടെ കുറവുള്ളതിനാൽ പലർക്കും മൂന്നാമത്തെ ഷിഫ്റ്റിൽ മാസത്തിൽ 10 ദിവസമെങ്കിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്. മൂന്നാം ഷിഫ്റ്റിൽ 12 മണിക്കൂർ ഉറക്കമില്ലാതെ ജോലിചെയ്ത് തളരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. 80 ശതമാനം തൊഴിലാളികളും 50 വയസ്സിന് മുകളിലുള്ളവരാണ്. 20-25 പേർ മാത്രമേ ഒരു ഷിഫ്റ്റിൽ ജോലിക്കുണ്ടാവൂ. അവധിയും ആഴ്ചകളിലെ ഓഫുകളായും ചിലർ ജോലിക്കെത്തില്ല.
രോഗികളെ പരിചരിക്കൽ, വാർഡുകളിലെ മാറാല അടക്കമുള്ളവ വൃത്തിയാക്കൽ, രോഗികളെ വിവിധ വിഭാഗങ്ങളിലേക്കെത്തിക്കൽ, ഓപറേഷൻ തിയറ്ററുകൾ അണുവിമുക്തമാക്കൽ എന്നിങ്ങനെ നീളുന്നു ഗ്രേഡ് വണ്ണുകാരുടെ ജോലി. എം.സി.എച്ച് അത്യാഹിത വിഭാഗം, കോവിഡ് ആശുപത്രി അത്യാഹിത വിഭാഗം എന്നിവയൊക്കെ കൈകാര്യം ചെയ്യേണ്ടതും ഇവരാണ്. വാർഡുകൾ അടിച്ചുവാരുക, തുടക്കുക, കുളിമുറി കഴുകുക, ആശുപത്രിക്കകം ശുചീകരിക്കുക എന്നിവയൊക്കെ ചെയ്യുന്നത് ഗ്രേഡ് രണ്ട് തൊഴിലാളികളാണ്. പാർട്ട്ടൈം ശുചീകരണ തൊഴിലാളികളായ പി.ടി.എസുകാർക്ക് ആശുപത്രിയുടെ പുറംപരിസരങ്ങളാണ് ശുചീകരിക്കേണ്ടത്. നാലുമണിക്കൂർ മാത്രമേ ജോലിയുള്ളൂവെങ്കിലും ഇവരും പ്രയാസത്തിലാണ്.
ജില്ല എംപ്ലോയ്മെന്റ് ഓഫിസ് മുഖേനയാണ് തൊഴിലാളികളുടെ നിയമനം നടക്കുന്നത്. ശുചീകരണ തൊഴിലാളി തസ്തികയിൽ ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, പി.ടി.എസ് വിഭാഗങ്ങളിലാണ് നിയമനം. നിലവിൽ ഗ്രേഡ് ഒന്നിൽ 85 തൊഴിലാളികളാണുള്ളത്. എന്നാൽ, ഗ്രേഡ് രണ്ടിൽ 180 തസ്തികയിൽ 150 തൊഴിലാളികളേയുള്ളു. പി.ടി.എസിൽ 70 പേരുണ്ട്. എംപ്ലോയ്മെന്റ് ഓഫിസിലേക്ക് ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് അവിടെ രജിസ്റ്റർ ചെയ്തവരെ നിയമിക്കുകയുമാണ് ചെയ്യുന്നത്.
പിന്നാക്ക ജില്ലകൾ, വിധവകൾ, പട്ടികജാതി/പട്ടികവർഗം, വികലാംഗർ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണനയും ഉണ്ടാവും. ആശുപത്രി വികസന സമിതി ആറുമാസത്തേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നുമുണ്ട്.
സേവനം എന്ന ചിന്തയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ, നഴ്സിങ് അസിസ്റ്റന്റിന്റെ ജോലികൂടി ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ. വാർഡുകളിൽ നഴ്സിങ് അസിസ്റ്റന്റുമാർക്കുപകരം ഗ്രേഡ് വൺ തൊഴിലാളികളെയാണ് ജോലിക്ക് വെക്കുന്നത്. നഴ്സിങ് അസിസ്റ്റന്റുമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഒഴിവുകൾ നികത്താൻ സർക്കാറിൽനിന്നുള്ള അനുമതിക്കുവേണ്ടി അധികൃതർ ശ്രമിക്കുന്നുമില്ല. യഥാർഥത്തിൽ നഴ്സിങ് അസിസ്റ്റന്റിന്റെ ജോലിയും ഗ്രേഡ് വണ്ണിന്റെ ശമ്പളവുമാണ് കിട്ടുന്നത്. എങ്കിലും ശമ്പളമുൾപ്പെടെയുള്ളവയിൽ പരാതികളൊന്നും ഇല്ല. പക്ഷേ, ജോലിഭാരം കൂടുന്നതാണ് പ്രയാസമാകുന്നത്. ആദ്യമൊക്കെ ഒരു വാർഡിലേക്ക് രണ്ട് തൊഴിലാളികളൊക്കെ ഉണ്ടായിരുന്നു. എന്നാൽ, പുതിയ ബ്ലോക്കുകൾ വന്നതോടെ ഇന്നിത് നാല് വാർഡുകളിലേക്ക് ഒരാളായി മാറി. നിലവിൽ നിരവധിപേർ കോവിഡ് ബാധിച്ച് ചികിത്സയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.