കോഴിക്കോട്: ആർക്കും കയറിയിറങ്ങാവുന്ന തരത്തിൽ തുറന്ന് കിടക്കുന്ന മെഡിക്കൽ കോളജ് കാമ്പസിൽ വിദ്യാർഥികൾക്ക് സുരക്ഷയില്ല. വിദ്യാർഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ ആക്രമണത്തിന് ഇരയാവുകയാണ്. അതിനാൽ കാമ്പസിന്റെ ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്ത്. ചുറ്റുമതിലില്ലാത്തതിനാൽ സാമൂഹിക ദ്രോഹികളുടെ ആക്രമണമുൾപ്പെടെ വിദ്യാർഥികൾ നേരിടേണ്ടി വരുന്നുണ്ടെന്ന് കോളജ് യൂനിയൻ ചൂണ്ടിക്കാട്ടി.
കോളജിന് പുറത്തുള്ളവരിൽ നിന്ന് വിദ്യാർഥികൾ നിരന്തരം അതിക്രമം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് തവണയാണ് പുറത്തുനിന്നുള്ളവരുടെ ആക്രമണത്തിന് ഇരയായത്. കൂടാതെ വിദ്യാർഥികളുടെ വാഹനങ്ങൾ, ജീവനക്കാരുടെ ബാഗ്, സ്വർണം ഉൾപ്പെടെ മോഷണം പോവുക, പെൺകുട്ടികേളാട് മോശമായി പെരുമാറുക, മാലിന്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് കോളജ് യൂനിയൻ പ്രിൻസിപ്പലിനെ അറിയിച്ചു.
തുറന്നിട്ട കാമ്പസ് ആയതിനാൽ ആർക്കും കയറിയിറങ്ങാവുന്ന സ്ഥിതിയാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നവർ ഉൾപ്പെടെ ഭയന്നാണ് കാമ്പസിലൂടെ നടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
ചുറ്റുമതിൽ കെട്ടുന്നതിനു മുന്നോടിയായി 5.5 മീറ്റർ വീതിയിൽ ഡെൻറൽ കോളജ് മുതൽ ശ്മശാനം വരെ കോളജിന്റെ സ്ഥലം പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി വിട്ടു നൽകുകയും വഴിയില്ലാത്തവർക്ക് മൂന്ന് മീറ്റർ വഴി വിട്ടു നൽകാനും മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ 12 മീറ്റർ വീതിയിൽ റോഡ് വേണമെന്നും കോളജ് ഹോസ്റ്റലിനു സമീപത്തുകൂടെ റോഡ് വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. യു.ജി.സിയുടെയും മെഡിക്കൽ കൗൺസിലിന്റെയും നിർദേശപ്രകാരം ഇത് അംഗീകൃതമല്ല. കാമ്പസിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴി മാത്രമെ അനുവദനീയമായിട്ടുള്ളൂ. എന്നാൽ പല വഴികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
592 ലക്ഷം രൂപ ചെലവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ചുറ്റുമതിലിന്റെ 400 മീറ്റർ നീളത്തിൽ പ്രവൃത്തി പൂർത്തീകരിച്ചു. 550 മീറ്റർ നീളത്തിൽ ഫൗണ്ടേഷനും ബേസ്മെൻറും പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ നാട്ടുകാർ തടസ്സം നിന്ന് പ്രവൃത്തി നിശ്ചലമായിരിക്കുകയാണെന്ന് െമഡി.കോളജ് അധികൃതർ പറയുന്നു. സമീപത്തെ ഭൂമി കച്ചവടക്കാരാണ് പ്രശ്നങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിലാക്കണമെന്നും ജീവനക്കാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.