കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജലം ഇനി പാഴാവില്ല. കോഴിക്കോട് കോർപറേഷൻ അമൃത് പദ്ധതിയിൽ നടപ്പാക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് പ്രവർത്തന സജ്ജമായി. ചൊവ്വാഴ്ച 10ന് മന്ത്രി എം.ബി രാജേഷ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും.
നഴ്സിങ് കോളജിന് സമീപം പ്രവർത്തന സജ്ജമാകുന്ന പ്ലാന്റിൽ ഡെന്റൽ കോളജ്, നഴ്സിങ് കോളജ്, പേ വാർഡ്, നഴ്സിങ് ഹോസ്റ്റൽ, ലെക്ചർ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.
ഇലക്ട്രോലിറ്റിക് ടെക്നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മാലിന്യത്തിന്റെ അളവിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുതന്നെ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഇലക്ട്രോലിറ്റിക് പ്രോസസ്. അതിനാൽ മാലിന്യ ലഭ്യത അനുസരിച്ച് പ്ലാന്റിന്റെ പ്രവർത്തനം ക്രമീകരിക്കാൻ സാധിക്കും. ഇതിലേക്കായി 12 റിയാക്ടറുകളിൽ ആവശ്യമുള്ളവ മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാന്റ് നിർമിച്ചത്.
ഇലക്ട്രോലിറ്റിക് പ്രക്രിയ വഴി മാലിന്യം സംസ്കരിച്ച ശേഷമുള്ള ശുചീകരിച്ച ജലം കനോലി കനാലിലേക്ക് ഒഴുകുന്നതരത്തിലാണ് നിലവിൽ ക്രമീകരിച്ചത്. ഭാവിയിൽ ട്രീറ്റ് ചെയ്ത വെള്ളം മെഡിക്കൽ കോളജിലെ ശുചിമുറികളിലെ ഫ്ലഷിങ്ങിനും മറ്റും ഉപയോഗപ്പെടുത്താൻ സാധിക്കും.
14.12 കോടി രൂപ ചെലവഴിച്ച പദ്ധതിയിൽ 2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം നേരത്തെ പൂർത്തിയായതാണ്. പ്ലാന്റിന്റെ നിർമാണം, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്, കമീഷനിങ് എന്നിവക്ക് പുറമേ അഞ്ചു വർഷത്തേക്കുള്ള ഓപറേഷൻ ആൻഡ് മെയ്ന്റനൻസ് പ്രവൃത്തി കൂടി നിലവിലെ കരാർ കമ്പനിയായ ഗ്രീൻ ഇക്കോ വാട്ടർ സിസ്റ്റംസ്, എൽ.സി.ജി.സി എൻവയൺമെന്റൽ എൻജിനീയറിങ് കമ്പനികൾ ചേർന്ന് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.