കോഴിക്കോട്: ഇടത്, വലത് മുന്നണികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ഥാനാർഥികൾ കളത്തിലിറങ്ങിയതോടെ കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ചിത്രമായി. എൻ.ഡി.എ സ്ഥാനാർഥി ആരെന്നാണ് ഇനി അറിയാനുള്ളത്. സിറ്റിങ് എം.പി എം.കെ. രാഘവനെ യു.ഡി.എഫ് നാലാമതും രംഗത്തിറക്കിയതോടെ രാജ്യസഭ എം.പിയും മുൻമന്ത്രിയും ട്രേഡ് യൂനിയൻ നേതാവുമായ എളമരം കരീമിനെയാണ് നേരിടാനായി എൽ.ഡി.എഫ് പോർക്കളത്തിലെത്തിച്ചത്.
ഇതോടെ കോഴിക്കോട്ട് ‘എം.പി-എം.പി പോരാട്ട’ത്തിനാണ് വേദിയാവുന്നത്. വടകരയിൽ യു.ഡി.എഫിലെ സിറ്റിങ് എം.പി കെ. മുരളീധനെതിരെ മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയെ എൽ.ഡി.എഫ് ഉറപ്പിച്ചതോടെ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത്. മാത്രമല്ല ‘എം.പി-എം.എൽ.എ’ പോരിനാണ് വടകര സാക്ഷിയാവുന്നത്. നാല് സ്ഥാനാർഥികളും മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ സജീവമായിക്കഴിഞ്ഞു.
പാർട്ടി പ്രഖ്യാപനം വരുന്നതോടെ പ്രചാരണം സജീവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മഹിള മോർച്ച ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് തുടങ്ങിയവരുടെ പേരുകളാണ് ഇരു മണ്ഡലങ്ങളിലേക്കുമായി എൻ.ഡി.എ പരിഗണിക്കുന്നത്.
ആദ്യ ലോക്സഭ തെരഞ്ഞെടുപ്പുമുതൽ നിലവിലുള്ള മണ്ഡലമാണ് കോഴിക്കോട്. 1952ൽ കിസാൻ മസ്ദൂർ പ്രജ പാർട്ടിയിലെ (കെ.എം.പി.പി) അച്യുതൻ ദാമോദരൻ മേനോൻ, ’57ൽ കോൺഗ്രസിലെ കെ.പി. കുട്ടികൃഷ്ണൻ നായർ, ’62ൽ മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ, ’67ലും ’71ലും മുസ്ലിം ലീഗിലെ ഇബ്രാഹീം സുലൈമാൻ സേട്ട്, ’77ൽ കോൺഗ്രസിലെ വി.എ. സെയ്ത് മുഹമ്മദ്, ’80ൽ സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചി ബാവ, 84, 89, 91 തെരഞ്ഞെടുപ്പുകളിൽ യഥാക്രമം കോൺഗ്രസിലെ കെ.ജി. അടിയോടിയും രണ്ടുതവണ കെ. മുരളീധരനും ’96ൽ ജനതാദളിലെ എം.പി. വീരേന്ദ്രകുമാർ, ’98ലും ’99ലും യഥാക്രമം കോൺഗ്രസിലെ പി. ശങ്കരൻ, കെ. മുരളീധരൻ എന്നിവരും 2004ൽ എം.പി. വീരേന്ദ്രകുമാറും 2009, 2014, 2019 കാലങ്ങളിൽ തുടർച്ചയായി കോൺഗ്രസിലെ എം.കെ. രാഘവനുമാണ് ജയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ എം.കെ. രാഘവൻ പരാജയപ്പെടുത്തിയത് ഇപ്പോഴത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ. വിജയരാഘവൻ, എ. പ്രദീപ് കുമാർ എന്നിവരെയാണ്.
ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, കൊടുവള്ളി എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് കോഴിക്കോട് ലോക്സഭ മണ്ഡലം. ഇതിൽ ആറിടങ്ങളിൽനിന്ന് എൽ.ഡി.എഫ് പ്രതിനിധികളും കൊടുവള്ളിയിൽ യു.ഡി.എഫ് പ്രതിനിധിയുമാണ് നിയമസഭയിലേക്ക് ജയിച്ചത്.
കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കൂടുതൽ തവണ ജയിച്ചത് വലതുമുന്നണിയാണ്. ‘ജനകീയതയുടെ പോരാട്ട’മാണ് കോഴിക്കോട്ട് നടക്കുന്നത്. തുടർച്ചയായി മൂന്നുതവണ എം.പിയായ എം.കെ. രാഘവനും താഴേത്തട്ടിൽ നിന്ന് ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ വന്ന് മന്ത്രിവരെയായ എളമരം കരീമും മത്സരത്തിനിറങ്ങുമ്പോൾ ജനകീയ മുഖങ്ങളുടെ ‘ഏറ്റുമുട്ട’ലായി.
കോഴിക്കോട് പിടിക്കാൻ സി.പി.എം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയിരുന്നു. പാർട്ടി ബ്രാഞ്ച് കമ്മിറ്റികളൊക്കെ ബൂത്ത് കമ്മിറ്റികളായി മാറി. അടിത്തട്ടിൽ വലിയ മുന്നേറ്റം നടത്തിയെങ്കിലും എം.കെ. രാഘവന് കോഴിക്കോട്ടുകാർക്കിടയിലെ പ്രതിച്ഛായ മറികടക്കുകയാണ് വെല്ലുവിളി. വികസന വിഷങ്ങളിൽ എം.പിയെന്ന നിലയിലുള്ള രാഘവന്റെ നേട്ടവും കോട്ടവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര തലശ്ശേരി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാനം രൂപം കൊണ്ടതിനുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് വടകര മണ്ഡലമുണ്ടായത്. 1957ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിലെ (പി.എസ്.പി) കെ.ബി. മേനോൻ, ’62ൽ കമ്യൂണിസ്റ്റ് സ്വതന്ത്രൻ എ.വി. രാഘവൻ, ’67ൽ അരങ്ങിൽ ശ്രീധരൻ, 71, 77, 80, 84, 89, 91, 96 കാലങ്ങളിൽ വിവിധ പാർട്ടികളിലായി ഏഴുതവണ കെ.പി. ഉണ്ണികൃഷ്ണൻ, ’98ലും ’99ലും എ.കെ. പ്രേമജം, 2004ൽ ഇന്നത്തെ വനിത കമീഷൻ അധ്യക്ഷ പി. സതീദേവി, 2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രൻ, 2019ൽ കെ. മുരളീധരൻ എന്നിവരാണ് വടകരയുടെ അങ്കത്തട്ടിൽനിന്ന് ജയിച്ചുകയറിയവർ. കഴിഞ്ഞ തവണ കെ. മുരളീധരൻ തോൽപിച്ചത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെയാണ്. 2009ൽ പി. സതീദേവിയെയും 2014ൽ ഇപ്പോഴത്തെ സ്പീക്കർ എ.എൻ. ഷംസീറിനെയുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്.
വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, കണ്ണൂരിലെ കൂത്തുപറമ്പ്, തലശ്ശേരി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് വടകര ലോക്സഭ മണ്ഡലം. ഈ ഏഴ് നിമസഭ മണ്ഡലങ്ങളിൽനിന്നും നിയമസഭയിലേക്ക് ജയിച്ചത് എൽ.ഡി.എഫ് പ്രതിനിധികളാണ്.
ഇടതുകോട്ടയെന്നാണ് അറിയപ്പെടുന്നതെങ്കിലും കോൺഗ്രസുകാരും പലതവണ ജയിച്ച മണ്ഡലമാണ് വടകര. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള പ്രദേശവും ആർ.എം.പി.ഐയുടെ ശക്തികേന്ദ്രവും കൂടിയാണിവിടം. കോൺഗ്രസിനെ അപേക്ഷിച്ച് സി.പി.എമ്മിന് ശക്തമായ സംഘടന സംവിധാനമുണ്ട്. ഹൈകോടതി രണ്ടുപേർ കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ടി.പി. ചന്ദ്രശേഖരൻ വധവും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്. വടകര നിയമസഭ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ മേഖലകളിലെല്ലാം ആർ.എം.പി.ഐ ശക്തമാണ്.
സി.പി.എമ്മിന് ശക്തിയുള്ള പ്രദേശങ്ങളിൽ ആർ.എം.പി.ഐക്ക് സ്ലീപ്പിങ് സെല്ലുകളുണ്ടുതാനും. സിറ്റിങ് എം.പി കെ. മുരളീധരനെതിരെ ഇതര രാഷ്ട്രീയ അനുഭാവികൾപോലും അംഗീകരിക്കുന്ന കെ.കെ. ശൈലജയെ സി.പി.എം രംഗത്തിറക്കിയതോടെ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ഇത്തവണയും വടകര വേദിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.