കോഴിക്കോട്: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ കോഴിക്കോടിന്റെ സാന്നിധ്യമായി പി.ടി. മുഹമ്മദ് ബാസിതും പി.എൻ. നൗഫലും. ബേപ്പൂർ മാത്തോട്ടം സ്വദേശിയാണ് ബാസിത്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ രണ്ട് വർഷമായി കളിക്കുന്ന ഈ ഡിഫൻഡർ മുംബൈയിൽ റിലയൻസ് ഫൗണ്ടേഷൻ ആൻഡ് ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്‍റിന്റെ റിലയൻസ് യങ് ചാംപ്‌സ് ഫുട്ബാൾ അക്കാദമിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ മുംബൈയിലാണ് പഠിച്ചത്. സൗദിയിൽ നടന്ന അണ്ടർ 19 ഏഷ്യാകപ്പ് ഫുട്ബാളിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ബേപ്പൂർ മാത്തോട്ടത്തിൽ ഷെൻസീർ നിവാസിൽ ഫിറോസ് -ഷാനിദ ദമ്പതികളുടെ മകനാണ്. സന്തോഷ്ട്രോഫിയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കൃത്യമായ പരിശീലനം ലഭിച്ചതായും ബാസിത് പറഞ്ഞു.
തിരുവമ്പാടി സ്വദേശിയായ പി.എൻ. നൗഫൽ കേരള പ്രീമിയർ ലീഗിൽ സെമിഫൈനലിലെത്തിയ ബാസ്കോ ഒതുക്കുങ്ങലിന്റെ മിഡ്ഫീൽഡറാണ്. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ സുബ്രതോകപ്പിൽ കളിച്ചിട്ടുണ്ട്. കോസ്മോസ് തിരുവമ്പാടിക്ക് വേണ്ടി ആദ്യകാലത്ത് പന്തുതട്ടി.
ഗോകുലം എഫ്.സിയുടെ ജൂനിയർ ടീമിലും കളിച്ചിട്ടുണ്ട്. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ടീമിലും അംഗമായി. തിരുവമ്പാടി പുത്തൻവീട്ടിൽ നൗഷാദ് -ജമീല ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.