കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കാനുള്ള പ്രവൃത്തിക്ക് 2023ൽ തുടക്കം കുറിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. 2024ൽ ഇതിന്റെ പണി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളായിരിക്കും ഇതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ഉണ്ടാകുക. ബംഗളൂരുവിലെ ബെഹനഹള്ളിയിലെ ഇത്തരത്തിലെ ആദ്യ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ നവീകരണത്തിനായി തിരുവനന്തപുരം, ചെങ്ങന്നൂർ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു സ്റ്റേഷന് 350 കോടി വരെ വികസനത്തിനായി അനുവദിക്കും. ഇതോടുകൂടി കോഴിക്കേട് റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ വന്നാൽ ഇവിടെനിന്നുതന്നെ പുതിയ ട്രെയിനുകളുടെ ഓപറേഷൻ തുടങ്ങുവാൻ സാധിക്കും. ഇത് കോഴിക്കോടിനും പ്രത്യേകിച്ച് മലബാറിനും കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ - യശ്വന്ത്പുർ, കോയമ്പത്തൂർ - ബംഗളൂരു ഡബ്ൾ ഡെക്കർ, കുർള- ബംഗളൂരു ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടുന്നതാലോചിക്കും.
ഒന്നരവർഷത്തിനുള്ളിൽ എല്ലാ ബോഗികളും പുതിയ എൽ.എച്ച്.ഡി ബോഗികളാക്കും. നിലമ്പൂർ- നഞ്ചൻകോട് പാത സംസ്ഥാന സർക്കാറിന്റെ കൂടി പങ്കാളിത്തമുണ്ടായാൽ നവീകരിക്കും. മെഡിക്കൽ കോളജിലെ റിസർവേഷൻ കൗണ്ടറിന് സംസ്ഥാന സർക്കാർ മുറി നൽകിയാൽ അത് നിലനിർത്താൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചേംബർ മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഐപ് തോമസ് ചേംബറിന്റെ നിവേദനം കൈമാറി. ടി.പി. അഹമ്മദ് കോയ ഉപഹാരം നൽകി. മുൻ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, എം. മുസമ്മിൽ, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.