കോഴിക്കോട്: മൂന്നുവര്‍ഷം കൊണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) ചെയര്മാന് പി.കെ. കൃഷ്ണദാസ്. റെയില്‍വേ യാത്രക്കാരുടെ ജനകീയമായ വിഷയങ്ങള്‍ നേരിട്ട് അന്വേഷിക്കുന്നതിനും വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ചും റെയില്‍വെ ഉദ്യോഗസ്ഥരും പി.എസ്.സി അംഗങ്ങളും സ്റ്റേഷന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
473 കോടിയുടെ നവീകരണമാണ് നടക്കുക. സെപ്റ്റംബര്‍ ആദ്യവാരത്തോടെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ച് 2026 ഡിസംബര്‍ 31 ഓടുകൂടി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.സി വ്യവസ്ഥയിലാണ് ടെൻഡര്‍ നടപടികള്‍. 2,84,124 ചതുരശ്ര അടിയിലുള്ള പ്ലാറ്റ്ഫോം അടക്കം 5,62,188 ചതുരശ്ര അടിയായിരിക്കും പുതിയ റെയില്‍വേ സ്റ്റേഷന്.
19 ലിഫ്റ്റും 24 എസ്കലേറ്ററുകളും ഉണ്ടാകും. വിമാനത്താവളത്തിന് സമാനമായ നവീകരണമാണ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും വിപുല പാര്‍ക്കിങ് സൗകര്യവും ഒരുക്കും. 4.20 ഏക്കര്‍ കമേഴ്സ്യല്‍ ഏരിയ നിർമാണമാണ് അടുത്ത ഘട്ടത്തില്‍ നടക്കുക. എലത്തൂരും കണ്ണൂരും പാഠമാണെന്നും ട്രെയിൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ജീവനക്കാരുടെ കുറവ് നികത്താന്‍ റിക്രൂട്ട്മെന്റ് നടക്കുകയാണ്. ടിക്കറ്റെടുക്കാനുള്ള തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും എ.ടി.വി.എം സ്ഥാപിക്കും. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കും. മാധ്യമപ്രവര്‍ത്തകരുടെയും മുതിര്‍ന്ന പൗരന്മാരുടെയും യാത്ര ഇളവ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.