കോഴിക്കോട്: ആവേശമുയർത്തി കോഴിക്കോട് കടപ്പുറത്ത് സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് സ്വീകരണം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ‘സമരാഗ്നി’ക്ക് കടപ്പുറത്ത് വൻ വരവേൽപ്പാണ് ജനാവലി നൽകിയത്. കേന്ദ്രത്തിലെയും കേരളത്തിലെയും ജനദ്രോഹ സർക്കാറുകൾക്കെതിരെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുഖമായി മാറുകയായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ‘സമരാഗ്നി’.
നിശ്ചയിച്ചതിലും വൈകിയാണ് കോഴിക്കോട് നഗരത്തിലേക്ക് യാത്രയെത്തിയത്. മൂന്നാലിങ്കലിൽനിന്ന് യാത്രയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിച്ചു. മാവൂര്‍ റോഡ് ജങ്ഷനില്‍ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിച്ച് തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. നഗരത്തിന്റെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് എത്തിച്ചേർന്നത്.
കടപ്പുറത്ത് ചേർന്ന പൊതുസമ്മേളനത്തില്‍ എം.കെ. രാഘവന് എം.പി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, കെ.സി. അബു, എ.പി. അനിൽകുമാർ എം.എൽ.എ, എം.എ. റസാഖ് മാസ്റ്റർ, ഉമ്മർ പാണ്ടികശാല, ടി.ടി. ഇസ്മയിൽ, കെ.പി.സി.സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, സോണി സെബാസ്റ്റ്യൻ, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, എ.എ. ഷുക്കൂർ, പുനലൂർ മധു, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, നെയ്യാറ്റിൻകര സനൽ, റിജിൽ മാക്കുറ്റി, യു.വി. ദിനേശ് മണി, വിദ്യാ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡി.സി.സി അധ്യക്ഷൻ കെ. പ്രവീൺകുമാർ സ്വാഗതവും കെ.പി. ബാബു നന്ദിയും പറഞ്ഞു.
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വനിയമം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ പറയുന്നത് എന്നാൽ, ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരാഗ്നി ജാഥയുടെ ഭാഗമായി കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടപ്പുറത്ത് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരുടെയും ലക്ഷ്യം കോൺഗ്രസ് വിരുദ്ധതയാണ്. അവർ രണ്ടും ഒരേ മുന്നണിയാണ്. ഈ നാട്ടിലെ ഫാഷിസ്റ്റ് പാർട്ടികളെയും വർഗീയവാദികളെയും നമുക്ക് തോൽപിച്ചേ മതിയാകൂ. പിണറായി വിജയന്റെ കെടുകാര്യസ്ഥതക്കും ധാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള താക്കീതായി മാറണം അടുത്ത തെരഞ്ഞെടുപ്പെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഒരു ഭരണം നിലനിൽക്കുന്നുണ്ടോയെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ ചോദിച്ചു. സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നിവ പോരാതെ മകളുടെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിലും കോടികൾ ഉണ്ടാക്കിയ കൊള്ളക്കാരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് സുധാകരൻ ആരോപിച്ചു. എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ സ്വാഗതം പറഞ്ഞു. കടപ്പുറത്ത് നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.