കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ നിർമാണത്തകരാർ പരിഹരിച്ച് ബലപ്പെടുത്താൻ 30 കോടി വേണമെന്ന് കണക്ക്. ഇതിന് പണം ചെലവഴിക്കാൻ നയാപൈസയില്ലെന്ന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ.
നിക്ഷേപകർക്ക് പലിശയിനത്തിൽ കോടികൾ കൊടുക്കാൻ ബാധ്യതയുള്ള കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയത്തിനുവേണ്ടി ചെലവഴിക്കാൻ ഒരു വഴിയുമില്ല. തൽക്കാലം 30 കോടി സർക്കാർ ഖജനാവിൽനിന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ് കെ.ടി.ഡി.എഫ്.സി. സർക്കാറാവട്ടെ, പണമില്ലാതെ നട്ടംതിരിയുമ്പോൾ ഇതിനിനി എന്ന് പണം കിട്ടുമെന്ന് കാത്തിരുന്നു കാണണം.
ഈ വ്യാപാരസമുച്ചയം ഇനിയും നോക്കുകുത്തിയായി അനിശ്ചിതകാലം കഴിയേണ്ടിവരുമോ എന്നാണ് ആശങ്ക. സ്വകാര്യ പാട്ടക്കരാർ കമ്പനിക്ക് പ്രതിമാസം 43 ലക്ഷം വാടക നിശ്ചയിച്ച് കെട്ടിടം കൈമാറിയിട്ട് കൊല്ലം രണ്ടുകഴിഞ്ഞു. കൈമാറ്റച്ചടങ്ങ് നടന്നതിന് പിന്നാലെയാണ് തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് വന്നത്.
കഴിഞ്ഞ മാസമാണ് നിർമാണത്തകരാർ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് ഐ.ഐ.ടി സർക്കാറിന് കൈമാറിയത്. നേരത്തേ കണ്ടെത്തിയതിനേക്കാൾ ഗുരുതര കുഴപ്പം കെട്ടിടത്തിനുണ്ടെന്നാണ് അവസാന റിപ്പോർട്ടിലുള്ളത്. 75 കോടി ചെലവിൽ പണിത കെട്ടിടത്തിന്റെ നിർമാണത്തകരാർ പരിഹരിക്കാൻ 30 കോടി ചെലവഴിക്കേണ്ടി വരുന്നതിലെ വീഴ്ച നിസ്സാരമല്ല.
അതിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. നിർമാണത്തിന്റെ വീഴ്ച സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണവും വഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. കെ.ടി.ഡി.എഫ്.സിയാണ് കെട്ടിടത്തിന് പണം ചെലവഴിച്ചത്. 773 കോടി കെ.എസ്.ആർ.ടി.സിക്ക് വായ്പകൊടുത്തത് തിരിച്ചുകിട്ടിയില്ലെന്ന് കെ.ടി.ഡി.എഫ്.സി വൃത്തങ്ങൾ പറഞ്ഞു.
‘ബോൾട്ട്’ അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടങ്ങളുടെ വാടക പിരിഞ്ഞുകിട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട്ടെ കെട്ടിടവും ഇതിൽപെടും. ജീവനക്കാരുടെ ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്.
ഡിസംബർ മുതൽ നിക്ഷേപകർക്ക് പലിശയിനത്തിൽ രണ്ട് കോടിയോളം ബാധ്യതയുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന് കെ.ടി.ഡി.എഫ്.സിക്ക് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.